കൊച്ചി :രാജ്യത്തെ കള്ളപ്പണം തടയുന്നതിനായി നോട്ടുനിരോധനം പോലെ സാഹസികമായ നടപടികൾ സ്വീകരിച്ച കേന്ദ്രസർക്കാരിന്റെ അടുത്ത നീക്കം സ്വർണത്തിൽ പിടിമുറുക്കിയായിരിക്കുമെന്ന് വളരെ നേരത്തേ സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നോട്ടുനിരോധനം വിചാരിച്ചത്ര വിജയമായില്ലെന്ന കണക്കുകൾ പുറത്തുവന്നതോടെയാണ് കടുംവെട്ട് രീതികൾ പരീക്ഷിക്കുന്നതിൽ നിന്നും സർക്കാർ പിന്നോക്കം പോയത്. നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷികത്തിലൂടെ രാജ്യം കടന്നുപോകുന്ന സമയത്ത് 'ഗോൾഡ് ആംനെസ്റ്റി സ്‌കീം' കേന്ദ്രം പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കള്ളപ്പണം പിടിക്കാനുള്ള നടപടികളുടെ ഭാഗമായി, നികുതി അടയ്ക്കാതെ വാങ്ങിയ സ്വർണം സ്വയം വെളിപ്പെടുത്താൻ അനുവദിക്കുന്നതാണ് ഈ സ്‌കീം. കള്ളപ്പണം ഒളിപ്പിക്കാൻ അനധികൃതമായി സ്വർണം വാങ്ങിക്കൂട്ടിയവരെയാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നത്.
വെളിപ്പെടുത്തിയ സ്വർണത്തിന്റെ മൂല്യത്തിന് ആനുപാതികമായ നികുതിയടച്ച്, മറ്റ് ശിക്ഷകളിൽ നിന്ന് രക്ഷനേടാം. നീതി ആയോഗിന്റെ നിർദ്ദിഷ്ട ദേശീയ സ്വർണനയത്തിലേക്കുള്ള ശുപാർശയാണ് ഗോൾഡ് ആംനെസ്റ്റി.
ബാങ്ക് ലോക്കറിലടക്കം സൂക്ഷിക്കാനാവുന്ന സ്വർണത്തിന് പരിധി നിർണയിക്കുകയും അതിൽ കൂടുതൽ കൈവശം വയ്ക്കുന്നവർക്ക് നികുതിയടച്ച് സ്വർണം രേഖകളിൽ ഉൾപ്പെടുത്താനുമാകും. സ്വർണത്തിന്റെ വിപണിമൂല്യത്തിന്റെ മൂന്നിൽ ഒന്നോളം വില നികുതിയായി നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ട്. നിലവിൽ നമ്മുടെ രാജ്യത്ത് ഒരു കുടുംബത്തിന് നൂറ്റിയഞ്ച് പവൻ വരെ സൂക്ഷിക്കാനാവും. ഇതിൽ കുറവ് വരുത്താൻ പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതായും സൂചനയുണ്ട്. ഇപ്പോൾ രണ്ട് ലക്ഷത്തിലധികം രൂപയുടെ മൂല്യമുള്ള സ്വർണം വാങ്ങാൻ പാൻകാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് കൂടാതെ അഞ്ച് ലക്ഷം രൂപയിൽ കവിയുന്ന ഇടപാടുകളുടെ വിവരങ്ങൾ ജ്വല്ലറികൾ തന്നെ ആദായ നികുതി വകുപ്പിന് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമേഖല ബാങ്കുകളിലടക്കം സ്ഥിര നിക്ഷേപങ്ങൾക്ക് പലിശനിരക്ക് കുറയുന്നതോടെയാണ് സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകൾ താത്പര്യം കാട്ടുന്നത്. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ സ്വർണനിക്ഷേപം വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്ന ഘടകമാണ്. വിപണിയിൽ പണത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുകയാണ് ഇത്തരത്തിലെ നിക്ഷേപമെന്നതാണ് ഒരു ഘടകം. ഇതു കൂടാതെ വിദേശത്ത് നിന്നും സ്വർണം ഇറക്കുമതി ചെയ്യുന്നതിനാൽ വൻതുക രാജ്യത്തിൽ നിന്നും പുറത്തേക്ക് പോവുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ബഡ്ജറ്റിലും സ്വർണത്തിന് മേൽ അധിക നികുതി ഏർപ്പെടുത്തിയതോടെ സ്വർണവ്യാപാരത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കള്ളക്കടത്ത് വ്യാപകമാവുകയാണ്. കിലോക്കണക്കിന് സ്വർണമാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നും അനധികൃതമായി കടത്തുന്നതിനിടെ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെടുക്കുന്നത്. പരിശോധന കർശനമാക്കിയിട്ടും കള്ളക്കടത്തുകാർ സ്വർണക്കടത്തിൽ നിന്നും പിന്മാറാൻ തയ്യാറാവാതെ പുത്തൻ രീതികൾ അവലംബിച്ച് നിയമവിരുദ്ധമായി സ്വർണം കടത്തുവാനാണ് ശ്രമിക്കുന്നത്. സ്വർണം ജ്വല്ലറിയിൽ നിന്നും വാങ്ങുന്നവർക്ക് മേൽ നിയന്ത്രണങ്ങൾ ഇപ്പോൾ തന്നെ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വർണമുനമ്പായി ദക്ഷിണേന്ത്യ
രാജ്യത്തെ സ്വർണാഭരണങ്ങളിൽ നല്ലൊരു പങ്കും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണുള്ളത്. മിച്ചം പിടിക്കുന്ന രൂപയ്ക്ക് സ്വർണം വാങ്ങി സൂക്ഷിക്കുന്നത് ജീവിതശൈലിയാക്കിയവരാണ് ദക്ഷിണേന്ത്യക്കാർ. രാജ്യത്തെ സ്വർണാഭരണശാലകളുടെ സിംഹഭാഗവും തെക്കേ ഇന്ത്യയിലാണുള്ളത്. രാജ്യത്തെ ഭവനങ്ങളിലായി മാത്രം 2023 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ കേരളം ആസ്ഥാനമായിട്ടുള്ള മൂന്ന് സ്വകാര്യ സ്വർണ പണയ ഇടപാടുകാരുടെ ലോക്കറിൽ മാത്രം എണ്ണൂറ് ടൺ സ്വർണം പണയവസ്തുവായിട്ടുണ്ട്. ഇതിൽ നിന്നും ദക്ഷിണേന്ത്യക്കാരുടെ സ്വർണഭ്രമത്തെ കുറിച്ച് അറിയാനാവും. സുരക്ഷിത നിക്ഷേപമായും അത്യാവശ്യ സമയത്ത് പണമാക്കിമാറ്റാം എന്ന പ്രത്യേകതയുമാണ് സാധാരണക്കാരെ പോലും സ്വർണത്തിലേക്ക് അടുപ്പിക്കുന്നത്.
കഴിഞ്ഞ ബഡ്ജറ്റിലടക്കം സ്വർണത്തിന് അധിക നികുതി ഏർപ്പെടുത്തിയതോടെ സ്വർണവിൽപ്പനയിൽ ഇടിവ് ദൃശ്യമായിരുന്നു. എന്നാൽ അനിയന്ത്രിതമായി സ്വർണകള്ളക്കടത്ത് വർദ്ധിച്ചതും കടുത്ത നടപടികൾ സ്വീകരിക്കുവാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും കിലോക്കണക്കിന് സ്വർണം രാജ്യത്തെ വിമാനത്താവങ്ങളിലൂടെ എത്തുന്നുണ്ട്. പരിശോധന കർശനമാക്കിയിട്ടും കള്ളക്കടത്ത് ലോബി പുത്തനടവുകൾ പയറ്റുകയാണ്.