online-shopping-

ചിറ്റൂർ : അർദ്ധരാത്രിയിൽ ചിറ്റൂർ നല്ലേപ്പിള്ളി അത്തിക്കോട് വീരംപൊറ്റ സ്വദേശി സി. ജോർജ്കുട്ടിയുടെ മൊബൈലിലേക്ക് തുരുതുരാ മെസേജുകൾ പ്രവഹിച്ചു, അതിനൊപ്പം ബാങ്ക് അക്കൗണ്ടിലെ തുകയും കുറഞ്ഞു വന്നു. പതിനാല് മിനിട്ടുകൊണ്ട് അക്കൗണ്ടിലെ 61175 രൂപ ആവിയായി. പിറ്റേന്ന് പരാതിയുമായി ബാങ്കിലെത്തിയപ്പോഴാണ് ഗൃഹനാഥൻ വീണ്ടും ഞെട്ടിയത്. അർദ്ധരാത്രയിൽ അമേരിക്ക, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് ഓൺലൈൻ ഷോപ്പിംഗ് നടത്തിയതിനാലാണ് പണം നഷ്ടമായതെന്നാണ് ലഭിച്ച രേഖ. എന്നാൽ വിദേശരാജ്യങ്ങളിലൊന്നും സന്ദർശനം നടത്താത്ത തന്റെ അക്കൗണ്ടിൽ നിന്നും പണം എങ്ങനെ നഷ്ടമായെന്ന ജോർജ്കുട്ടിയുടെ സംശയം തീർക്കാൻ ബാങ്ക് ഉദ്യോഗസ്ഥർക്കും കഴിഞ്ഞിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 58120 രൂപ നഷ്ടമായെന്ന് കണ്ടെത്തി നഷ്ടമായ കുറച്ചു തുക തിരികെ അക്കൗണ്ടിൽ എത്തിയിട്ടുമുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ഇടപാടുകൾ പരിശോധിച്ചപ്പോഴും സംശയമുള്ള യാതൊന്നും കണ്ടെത്താനായില്ല, അംഗീകൃത സ്ഥാപനങ്ങൾ മുഖേന എടിഎം കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമാണ് ഇദ്ദേഹം നടത്തിയിട്ടുള്ളതെന്നു വ്യക്തമായി. പണം നഷ്ടമായ സംഭവത്തിൽ കൂടുതൽ അന്വേഷണം ബാങ്കിന്റെ പ്രത്യേക വിഭാഗം നടത്തുമെന്നും നഷ്ടമായ തുക പത്തു ദിവസത്തിനകം അക്കൗണ്ടിലിടാമെന്നും ബാങ്ക് ജീവനക്കാർ ജോർജ്കുട്ടിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.