thozhilurapp

അറിയപ്പെടാത്ത കലാകാരന്മാർ നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് ലോക പ്രശസ്തരായ നിരവധി സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ നടന്നിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലിരുന്ന് ലതാ മങ്കേഷ്കറിന്റെ പാട്ടുപാടിയത് ആരോ ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിലൂടെയാണ് റാണു മണ്ഡൽ എന്ന ഗായിക ബോളിവുഡ് വരെ എത്തിയത്.

കേരളത്തിൽ നിന്നുമുണ്ട് ചന്ദ്രലേഖയെപ്പോലെ നിരവധി ഉദാഹരണങ്ങൾ. അടൂരിലെ വീട്ടിലിരുന്ന് പാടിയ 'രാജഹംസമേ...'എന്ന പാട്ടിലൂടെ സോഷ്യൽ മീഡിയയിൽ താരമായ ചന്ദലേഖ, പിന്നീട് സിനിമയിലും പാടി. അത്തരത്തിൽ നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് പ്രശസ്തിയുടെ കോണിപ്പടി കയറിയവരുടെ ലിസ്റ്റിൽ ഒരാൾ കൂടി ഇടം പിടിക്കുകയാണ്. പേരറിയാത്ത ഒരു അമ്മയുടെ പാട്ടാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തൊഴിലുറപ്പ് പണിക്കിടെയുള്ള വിശ്രമവേളയിൽ 1965ൽ പുറത്തിറങ്ങിയ കാട്ടുതുളസി എന്ന ചിത്രത്തിൽ ജാനകി അമ്മ പാടിയ 'സൂര്യകാന്തി.. സൂര്യകാന്തി സ്വപ്നം കാണുവതാരോ' എന്ന പാട്ടാണ് ആ അമ്മ പാടിയിരിക്കുന്നത്. മനോഹരമായ പാട്ടിന് നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. നിരവധിപേരാണ് പാട്ടു പാടുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.