തിരുവനന്തപുരം : മാറുന്ന ഇലക്ട്രിക് യുഗത്തിൽ രാജ്യത്തിന് മാതൃകയാവാനൊരുങ്ങി കെ.എസ്.ഇ.ബി. സംസ്ഥാനത്തെ പാതയോരങ്ങളിൽ എഴുപത് ഇലക്ട്രിക് ചാർജിംഗ് സ്‌റ്റേഷനുകളൊരുക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് വൈദ്യുത ബോർഡ്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ ആറിടങ്ങളിൽ സ്വന്തമായി ഇത്തരത്തിൽ ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കും. വൈകാതെ അറുപത്തിനാലിടങ്ങളിൽ കൂടി സ്വകാര്യ പങ്കാളിത്തത്തോടെ ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കുവാനാണ് കെ.എസ്.ഇ.ബി പദ്ധതിയിടുന്നത്. ഇതിന് താത്പര്യപത്രം ക്ഷണിച്ചതിൽ 17 കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്.
ഇവിടെ നിന്നും ചാർജ് ചെയ്യുന്ന വാഹന ഉടമകൾക്ക് തങ്ങളുടെ വീടിന്റെ കൺസ്യൂമർ നമ്പർ നൽകിയാൽ വീടിന്റെ വൈദ്യുതി ബില്ലിനൊപ്പം ചാർജിംഗ് ഫീസും ചേർത്ത് അടയ്ക്കുവാനുള്ള സൗകര്യവും ഒരുക്കും. എന്നാൽ ഗാർഹിക നിരക്കിനേക്കാളും അധികം തുകയാണ് വാഹന ചാർജിംഗിനായി ഈടാക്കുന്നത്.
ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ ചിലവാകുന്ന തുകയുടെ നല്ലൊരു ശതമാനം കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യുത ബോർഡിപ്പോൾ. ഒരു ലക്ഷത്തിന് മേൽ ജനങ്ങൾ അധിവസിക്കുന്ന നഗരപ്രദേശങ്ങളിൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുവാൻ കേന്ദ്രം താത്പര്യപ്പെടുന്നുണ്ട്. തിരുവനന്തപുരം,കൊല്ലം,കൊച്ചി,തൃശൂർ,കോഴിക്കോട്,മലപ്പുറം കണ്ണൂർ തുടങ്ങിയിടത്ത് ഇതിൻപ്രകാരം ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും. കേരളത്തിലെ വീടുകളിൽ വൈദ്യുതിക്കൊപ്പം ഇന്റർനെറ്റും എത്തിക്കുന്ന കെ-ഫോൺ പദ്ധതിയും കെ.എസ്.ഇ.ബിയുമായി സഹകരിച്ചാണ് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്. ഇലകട്രിക് ചാർജിംഗ് സ്റ്റേഷനുകളും ഒരുക്കുന്നതോടെ മലയാളിയുടെ നിത്യജീവിതത്തിൽ ഒപ്പംകൂടുകയാണ് കെ.എസ്.ഇ.ബി.
യൂണിറ്റിന് അഞ്ചു രൂപ നിരക്കിൽ വാഹനം ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിൽ ചാർജിംഗ് പോയിന്റ് സജ്ജമാക്കിയിട്ടുണ്ട്. ഒരു കാറിന്റെ ബാറ്ററി ചാർജ് ചെയ്യാൻ ഒരു മണിക്കൂർ വേണ്ടിവരും. 20 യൂണിറ്റ് ഉപയോഗിച്ചാൽ മാത്രമേ ഇതു സാദ്ധ്യമാകുകയുള്ളു. അതായത് ഒരിക്കൽ ഫുൾ ചാർജ്ജിനായി നൂറു രൂപ ഉപഭോക്താവ് നൽകേണ്ടി വരും. ഈ തുകയ്ക്കുള്ള ചാർജ് ചെയ്താൽ നൂറ്റമ്പത് കിലോമീറ്ററോളം സഞ്ചരിക്കാനാവും. 14 കിലോവാട്ട് ശേഷിയുള്ള ബാറ്ററികളാണ് നിലവിൽ ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്നത്.