ബംഗളൂരു : പണം നിറച്ചയാളുടെ ഒരു ചെറിയ കൈയ്യബദ്ധം കൊണ്ട് എ.ടി.എമ്മിനുമുന്നിൽ വൻ തിരക്ക്. ചോദിക്കുന്നതിന്റെ രണ്ടര ഇരട്ടി തുക നൽകിയാണ് എ.ടി.എം അദ്ഭുതം പ്രവർത്തിക്കുവാൻ ആരംഭിച്ചത്. കണ്ടും കേട്ടുമറിഞ്ഞവർ എ.ടി.എമ്മിന് മുൻപിൽ കാർഡുമായി ഭക്തിയോടെ കാത്തുനിന്നു. സേലം ബംഗളൂരു ഹൈവേയിലുള്ള എസ.്ബി.ഐ എ.ടി.എമ്മായിരുന്നു ഉദാരമതിയായി ഉപഭോക്താക്കളെ കൈയ്യിലെടുത്തത്. ഈ എ.ടി.എമ്മിൽ പണം നിറയ്ക്കാനെത്തിയ ഉദ്യോഗസ്ഥൻ 200 രൂപ നോട്ടുകൾ വയ്‌ക്കേണ്ട ട്രേയിൽ അഞ്ഞൂറു രൂപ വച്ചതാണ് എ.ടി.എമ്മിനെ ഹിറ്റാക്കിയത്. വൈകാതെ 200 രൂപ നോട്ട് പിൻവലിക്കാൻ എത്തിയവർക്ക് 500 ന്റെ പുത്തൻ നോട്ടു നൽകി എ.ടി.എം അനുഗ്രഹിക്കുകയായിരുന്നു. എന്നാൽ കാര്യം അറിഞ്ഞെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ ഷട്ടറിട്ട് എ.ടി.എമ്മിന്റെ 'സദ്പ്രവർത്തിക്ക് ' തടയിട്ടു. തീർന്നില്ല അഞ്ഞൂറ് രൂപയുടെ നോട്ടുമായി സന്തോഷിച്ച് മടങ്ങിയവരെ അക്കൗണ്ട് രേഖകൾ പരിശോധിച്ച് അധികം ലഭിച്ച തുക തിരികെ പിടിക്കുവാനുള്ള 'പണി' തുടങ്ങിയിരിക്കുകയാണ് ബാങ്ക് അധികൃതർ.