ഭക്ഷണങ്ങളാൽ വെറൈറ്റി പരീക്ഷിക്കുന്ന തിരക്കിലാണ് കേരളത്തിലെ ഹോട്ടലുകളിപ്പോൾ. ചൈനീസ് വിഭവങ്ങളെ തള്ളിമാറ്റി അറേബ്യൻ വിഭവങ്ങളിൽ പരീക്ഷണം നടത്തുന്ന തിരക്കിൽ ഭക്ഷണശാലകൾ അമരുമ്പോഴും മുപ്പത്തിയഞ്ച് വർഷമായി ഒരേ വിഭവം സൂപ്പർ ഹിറ്റായി പ്‌ളേറ്റുകളിലേക്ക് വിളമ്പുന്ന ഒരാളെ പരിചയപ്പെടുത്തുകയാണ് തലസ്ഥാനത്തെ അറിയപ്പെടുന്ന ഫുഡി വിഷ്ണു എ. എസ്. നായർ. തിരുവനന്തപുരം കിള്ളിപ്പാലത്തെ കുമാറണ്ണന്റെ തട്ടുകട എന്ന പ്രശസ്തമായ തട്ടുകടയിലെ രുപിക്കാഴ്ചകളാണ് വിഷ്ണു തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിക്കുന്നത്.
പതിറ്റാണ്ടുകളായി മുട്ട വിഭവങ്ങൾ കൊണ്ട് മാത്രം തിരുവനന്തപുരത്തിന്റെ മണ്ണിൽ പിടിച്ചു നിൽക്കുന്ന ഈ തട്ടുകടയിൽ തിരക്കോട് തിരക്കാണെപ്പോഴും. മുട്ട ഓംലൈറ്റ് തേടി ഇവിടെ എത്തുന്നവർക്ക് മുന്നിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന കുമാറിന്റെ കൈപുണ്യം തേടി ഒരിക്കൽ വന്നവർ വീണ്ടും വരും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കുമാറണ്ണന്റെ മുട്ട വിക്രിയകൾ...
വിഭവങ്ങളുടെ എണ്ണമെന്നത് എന്നുമൊരു ഹോട്ടലിന്റെ മുന്നിൽ കീറാമുട്ടിയായി നിൽക്കുന്ന ഒന്നാണ്.
നേരും നെറിയും കിടമത്സരങ്ങളുടെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്ന ഇക്കാലത്ത് ഒന്നോ രണ്ടോ വിഭവങ്ങൾ കൊണ്ട് ഉപജീവനമാർഗം മുന്നോട്ട് കൊണ്ടുപോവുകയെന്നത് അതീവ ദുഷ്കരം തന്നെ..
എന്നാൽ പതിറ്റാണ്ടുകളായി മുട്ട വിഭവങ്ങൾ കൊണ്ട് മാത്രം തിരുവനന്തപുരത്തിന്റെ മണ്ണിൽ പിടിച്ചു നിൽക്കുന്നൊരു പാവം തട്ടുകടയുണ്ട്... നിങ്ങൾക്ക് അറിയാതിരിക്കാൻ വഴിയില്ല - #കിള്ളിപ്പാലം_കുമാറണ്ണന്റെ_തട്ടുകട !!
കിള്ളിപ്പാലം ജംക്ഷനിൽ നിന്നും കൊച്ചാർ റോഡിലേക്ക് പോകുന്ന വഴിക്ക് ബസ് സ്റ്റാന്റിനോട് ചേർന്നിരിക്കുന്ന ഒരു തള്ളുവണ്ടിയാണ് കുമാറണ്ണന്റെ സാമ്രാജ്യം.
വിളക്ക് കാലിലെ നിയോൺ ലാമ്പിന്റെ വെളിച്ചത്തിൽ ഈ നീല തട്ടുകട കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ല കാരണം വൈകുന്നേരം അഞ്ചു മണിമുതൽ ഈ മനുഷ്യന്റെ കൈപ്പുണ്യമറിയാൻ വരുന്ന ഭക്ഷണപ്രിയരുടെ തരക്കേടില്ലാത്ത നിര തന്നെ കാണാം..
മേൽപ്പറഞ്ഞത് പോലെ ഒരൊറ്റ ഐറ്റമേ ഈ കടയിലുള്ളൂ.. മുട്ട ഓംലെറ്റ്...
അതിപ്പോൾ സിംഗിൾ ആകാം ഡബിൾ ആകാം അല്ലേൽ മുട്ടക്കോഴി ആകാം നാടൻ കോഴിയാകാം വേണേൽ താറാമുട്ടയുമാകാം... ഇതാണ് ഇവിടുത്തെ നടാടെ അറിയപ്പെടുന്ന മെനു..
ചെന്നു കയറുക ഒരു സിംഗിൾ ഓംലെറ്റ് പറയുക.
കയ്യൊഴിവില്ലാതെ സ്വിച്ചിട്ട യന്ത്രം പോലെ ഒരേ പണി ചെയ്യുന്ന മനുഷ്യനാണ്.. കാണുമ്പോൾ തോന്നും ഇപ്പോൾ നമുക്കുള്ളത് കിട്ടുമെന്ന്.. എന്നാൽ കുറച്ച് കാത്തുനിൽക്കേണ്ടി വരും.. മുന്നേപറഞ്ഞവരുടെ എണ്ണം കൃത്യമായി ഓർത്തെടുത്ത് ആദ്യം വന്നവന് ആദ്യമെന്നതാണ് അണ്ണന്റെ പ്രവർത്തന രീതി..
നമ്മുടെ സമയമായാൽ ഒന്നും കൂടെ ചോദിച്ച് ഉറപ്പിക്കും "ഇവിടൊരു സിംഗിളല്ലേ ?? "
അതെയെന്ന് മറുപടി കിട്ടിയാലുടനെ മുന്നിലെ സ്റ്റീൽ ഗ്ലാസ്സിൽ ഒരു മുട്ടപൊട്ടിച്ചൊഴിക്കും.. 'ഓൺ ദി സ്പോട്ട്' അരിഞ്ഞിട്ട സവാളയും പാകത്തിന് ഉപ്പും ചേർത്ത് സ്പൂണ് കൊണ്ടൊരു നാല് കറക്ക്..
ശേഷം മുന്നിലെ ചുട്ടുപഴുത്ത ചട്ടിയിൽ എണ്ണ തേച്ചൊന്നു വഴറ്റും.. പിന്നെയാണ് ഗ്ലാസ്സിലെ മുട്ട മിശ്രിതം ചട്ടിയിലേക്ക് പകരുന്നത്..
ക്ഷണനേരം കൊണ്ട് തിളച്ച് കുമിള പൊട്ടിക്കുന്ന മുട്ട ഒന്നുകൂടെ മറിച്ചിട്ട് ഒരു 15 സെക്കന്റ് കഴിഞ്ഞാൽ അതിലേക്ക് ബൂസ്റ്റിന്റെ പൊടി പോലത്തെയൊരു പൊടി തൂകും.. അതാണ് ഇവിടുത്തെ ഹൈലൈറ്റ്..
എല്ലാം പരുവമായെന്നു കണ്ടാൽ മുട്ടയുടെ ചുറ്റും എണ്ണയൊഴിച്ചിട്ട് വലത്തോട്ട് മറിച്ചിട്ട കേരളത്തിന്റെ രൂപത്തിൽ മടക്കി വാഴയിലയിൽ തരും..
(എങ്ങനെ ഇത്ര കുറഞ്ഞ സമയംകൊണ്ട് ഓംലെറ്റ് റെഡിയായെന്നു ഒരുപിടിയുമില്ല !!)
പ്ലേറ്റിൽ വച്ച വാഴയില വരെ വാടുന്ന ചൂടാണ്.. ആക്രാന്തം മൂത്ത് നേരെ കൊണ്ട് കൈ വച്ചാൽ കൈ പൊള്ളിപ്പോകും..
ഓംലെറ്റും വാങ്ങി പുറകിലെ കടത്തിണ്ണയിൽ പോയിരുന്നു ഊതിയൂതി ചൂട് കുറയ്ക്കണം... അവസാനമൊഴിച്ച എണ്ണയുടെ അംശമുള്ള ഓംലെറ്റിന്റെ അരിക്കുകൾ മുറിച്ചെടുത്ത് കയ്യിൽ ചൂട് പിടിക്കും മുൻപ് വായിലേക്ക് തട്ടണം..
വെറും വിജ്രംഭിച്ച കിടുക്കാച്ചി.. !!
പൊളി സാധനം..
എണ്ണയുടെ രുചിയും.. വെണ്ണയെക്കാൾ നന്നായി മെഴുകുന്ന മുട്ടയുടെ ഉള്ളും ഇടയ്ക്ക് കടിക്കാൻ കിട്ടുന്ന സവാളയും ആ രഹസ്യപ്പൊടിയും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചവും പിന്നെ രാത്രിയുടെ കട്ട ആമ്പിയൻസും മേലെ കൊതിയോടെ നോക്കുന്ന അമ്പിളിമാമനും....
വെറും കിടിലം...
ചൂടോട് കൂടിത്തന്നെ ആ ഓംലെറ്റ് എരിയൻ പൊടി ചേർത്തു കഴിക്കണം..എന്നാലേ ആയൊരു പിടുത്തം നാക്കിന് വീഴുകയുള്ളൂ !!
കഴിച്ചു തുടങ്ങുമ്പോൾ വമ്പൻ എരിവായി തോന്നുമെങ്കിലും സാധനം എല്ലാം പാകത്തിനാണ്... ദുർബലഹൃദയരുടെ കണ്ണും മൂക്കും ജലാംശം കൊണ്ട് നിറയുമെങ്കിലും
ആ ചൂടും എരിവും ചേരുമ്പോഴുള്ളൊരു പുകച്ചിൽ... 😋😋
എന്താ അനുഭൂതി, അതങ്ങു അനുഭവിച്ചു തന്നെയറിയണം...
വിലവിവരം..
സാദാ സിംഗിൾ ഓംലെറ്റ് :- ₹.15/-
39 വർഷങ്ങളായി ഈ തട്ടുകട ഇവിടെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.. 35 വർഷം കുമാറണ്ണന്റെ മാമനാണ് കട നടത്തിയിരുന്നത്.. അദ്ദേഹത്തിന് ശേഷം കഴിഞ്ഞ നാല് വർഷമായി കുമാറണ്ണൻ ഈ കട നടത്തുന്നു.. !!
വായിൽക്കൊള്ളാതെ പല പേരുകളിലെ ആർക്കോവേണ്ടി ഉണ്ടാക്കിയ വിഭവങ്ങളെക്കാൾ ഒരൊറ്റ വിഭവം പതിറ്റാണ്ടുകളായി കൊടുക്കുന്ന ഇവരല്ലേ ശെരിക്കും മാസ്സ്... 💪💪
നിങ്ങൾ തന്നെ പറയ്...❤️❤️
വൈകിട്ട് അഞ്ച് മണി മുതൽ രാത്രി പതിനൊന്നു മണി വരെ കടയുണ്ടെങ്കിലും തിരക്ക് കാരണം 10 - 10.30യോടെ കടയടയ്ക്കും..
ലൊക്കേഷൻ :-
Near to
Killipalam, Valiyasalai, Thiruvananthapuram, Kerala 695036
https://maps.app.goo.gl/R1jamWLeNj3hW4uTA