thomas-issac

തിരുവനന്തപുരം: അയോദ്ധ്യകേസിലെ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്ധ്വാനിക്കെതിരെയാണ് തോമസ് ഐസക്കിന്റെ വിമർശനം. മസ്ജിദ് തകർത്ത പ്രവൃത്തിയിൽ നിന്നും നിങ്ങൾ കുറ്റവിമുക്തി നേടിയിട്ടില്ലെന്നാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്.

‘സോറി അദ്ധ്വാനിജീ, മസ്ജിദ് തകർത്ത പ്രവൃത്തിയിൽ നിന്ന് നിങ്ങൾ കുറ്റവിമുക്തി നേടിയിട്ടില്ല. മസ്ജിദ് തകർത്തതു കുറ്റകരമാണെന്നാണ് സുപ്രീംകോടതി വിധി. നിങ്ങളിപ്പോഴും കുറ്റപത്രത്തിൽ കുറ്റവാളിയാണ്. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നാണ് നിയമം പറയുന്നത്.’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Sorry Advaniji ! Your act of demolition of the Masjid has not been vindicated. The SC judgement is that the demolition was an offence. You are still an offender under charge sheet. Justice demands that crime must be punished.

— Thomas Isaac (@drthomasisaac) November 10, 2019


അയോദ്ധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ധ്വാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ഞാൻ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു. അയോദ്ധ്യയിലെ രാമജന്മ ഭൂമിയിൽ ക്ഷേത്രം പണിയുന്നതിന് സുപ്രീം കോടതി ഇപ്പോൾ വഴിയൊരുക്കിയിരിക്കുകയാണ്. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നൽകാൻ അവസരം തനിക്ക് ഉണ്ടായിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് ഈ വിധിയോടെ ഫലമുണ്ടാ‘യെന്നും അദ്ധ്വാനി പറഞ്ഞു.

അയോദ്ധ്യയിൽ നൂറ്റാണ്ടുകളായി ഇരു മതവിഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന തർക്കം തീർപ്പാക്കി 1045 പേജുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക്ഭൂഷൺ, എസ്.എ. നസീർ എന്നിവരുടെ ബെഞ്ചാണ് നാൽപ്പത് ദിവസം വാദം കേട്ട് വിധി പറഞ്ഞത്. തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം നിർമ്മിക്കാം. കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിനാവും ഇതിന്റെ ചുമതല. അതേസമയം,​ ബാബ്റി പള്ളി കർസേവകർ തകർത്തത് ഗുരുതരമായ നിയമലംഘനമെന്ന് നിരീക്ഷിച്ച കോടതി നഷ്ടപരിഹാരമായി അയോദ്ധ്യയിൽ തന്നെ പ്രധാന സ്ഥലത്ത് പള്ളി നിർമ്മിക്കാൻ സുന്നി വഖഫ് ബോർഡിന് 5 ഏക്കർ സ്ഥലം നൽകാനും ഉത്തരവിട്ടു. വിധി ഏകകണ്ഠമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അദ്ധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.