dummy-bomb

ടോക്കിയോ: അമേരിക്കയുടെ എഫ്​ 16 പോർവിമാനം ജപ്പാനിൽ അബദ്ധത്തിൽ ഡമ്മി ബോംബ് ഇട്ടതായി റിപ്പോർട്ട്. ജപ്പാനിലെ വടക്കൻ അമോറി പ്രിഫെക്ചറിൽ സൈനിക പരിശീലനത്തിനിടെ ബുധനാഴ്ച വൈകീട്ടാണ് സംഭവം. പരിശീലനത്തിനിടെ മിസാവ എയർബേസിലെ എഫ്​ 16 ഡ്രാഗൺ റേഞ്ചിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഡമ്മി ബോംബിട്ടത്.

തുടർന്ന് നടത്തിയ തിരച്ചിലിൽ പരിശീലന മൈതാനത്തിന് പുറത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് ഈ ബോംബ് കണ്ടെത്തി. ജപ്പാനിലെ യു.എസ് സേനയുടെ കമാന്ററാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇത്തരത്തിൽ ഡമ്മി ബോംബ് ഇട്ടതിന്റെ കാരണം പരിശോധിച്ച് വരികയാണെന്ന് യു.എസ് കമാന്റർ ജപ്പാൻ സർക്കാരിനെ അറിയിച്ചു.

ഈ സംഭവത്തിന് മുമ്പും ജപ്പാനിൽ നിലയുറപ്പിച്ച യു.എസ് സൈനിക വിമാനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു. സമീപകാലത്ത് അമേരിക്കയുടെ രണ്ട് ഹെലികോപ്റ്ററുകൾ ഓകിനാവ പ്രിഫെക്ചറിലെ റെസിഡെൻഷ്യൽ ഏരിയകളിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. ഹെലികോപ്റ്ററുകളിൽ ഒരെണ്ണം വിൻഡോ പ്രാദേശിക സ്കൂളി പതിക്കുകയും പത്തുവയസുള്ള ഒരു വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.