india-rcep-china-

ന്യൂഡൽഹി : രാജ്യതാത്പര്യങ്ങൾക്ക് ഏറെ ദോഷകരമെന്ന നിലയിൽ കടുത്ത പ്രതിഷേധവും ആശങ്കയും ഉയർത്തിയ ഏഷ്യാ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർ.സി.ഇ.പി) നിന്നും അവസാന നിമിഷം ഇന്ത്യ പിന്മാറിയിരുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിക്കുമെന്ന രീതിയിൽ കരാറിൽ ഒപ്പിടുന്നതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ കരാറിൽ ഒപ്പിട്ടാൽ ഇന്ത്യൻ വിപണി ചൈനീസ് ഉത്പന്നങ്ങൾ കൊണ്ട് നിറയുമോ എന്ന ആശങ്കയാലാണ് കരാറിൽ നിന്നും ഒഴിവാകുവാൻ ഇന്ത്യ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കർഷകർ, വ്യാപാരികൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ തുടങ്ങി ഇന്ത്യൻ ജനതയുടെ താത്പര്യങ്ങളെ സംബന്ധിച്ച് അനുകൂലമായ മറുപടിയല്ല ജനങ്ങളിൽ നിന്ന് ലഭിച്ചതെന്നും കരാറിൽ ഒപ്പിടാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നില്ലെന്നുമാണ് നരേന്ദ്രമോദി ഉച്ചകോടിൽ അറിയിച്ചു കൊണ്ടാണ് ഏകപക്ഷീയമായി കരാറിൽ നിന്നും പിൻവാങ്ങിയത്.

india-rcep-china-

ഇന്ത്യയുടെ പിന്മാറ്റത്തെ കുറിച്ച് അമേരിക്കൻ മാദ്ധ്യമമായ ഫോബ്സിൽ വന്ന ലേഖനം പറയുന്നത് ഇന്ത്യയെ പാകിസ്ഥാനാക്കുന്നതിൽ നിന്നും പ്രധാനമന്ത്രി തടഞ്ഞു എന്ന മട്ടിലാണ്. ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച പാകിസ്ഥാന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് അവർ ഇത് സമർത്ഥിക്കുന്നത്. 2006 ലാണ് പാകിസ്ഥാൻ ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കുന്നത്. ഈ കരാറുകൊണ്ട് പാകിസ്ഥാനുണ്ടായ ദുരന്തഫലം പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്ക് പരിശോധിച്ചാൽ മാത്രം മതി മനസിലാവാൻ. 2006-07 കാലയളവിൽ ചൈനയിൽ നിന്നും പാകിസ്ഥാനിലേക്കുള്ള ഇറക്കുമതി 3.52 ബില്ല്യൺ ഡോളറിന്റേതായിരുന്നുവെങ്കിൽ കരാർ ഒപ്പിട്ട് ഏകദേശം പത്തുവർഷങ്ങൾക്കിപ്പുറം 2017-18 ൽ ഉദ്ദേശം 15.74 ബില്യൺ ഡോളറിന്റേതാണ്. അതായത് സ്വതന്ത്ര വ്യാപാര കരാറിനു ശേഷം ചൈനയിൽ നിന്നും പാകിസ്ഥാനിലേക്കുളള കയറ്റുമതി അഞ്ചിരട്ടിയ്ക്കടുത്ത് വർദ്ധിക്കുകയാണുണ്ടായത്. ഇനി പാകിസ്ഥാനിൽ നിന്നും ചൈനയിലേക്കുളള കയറ്റുമതി പരിശോധിച്ചാൽ ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ എത്രത്തോളം ഏകപക്ഷീയമാണെന്ന് കണക്കിലാക്കാനാവും. ചൈനയുടെ പാകിസ്ഥാനിൽ നിന്നുമുള്ള ഇറക്കുമതി 2006-07 കാലഘട്ടത്തിൽ 11.52 ശതമാനമായിരുന്നുവെങ്കിൽ പത്തു വർഷങ്ങൾക്കിപ്പുറം അത് 25.89 ശതമാനമായി ഉയരുകയായിരുന്നു. ചൈനയിൽ നിന്നുമുള്ള ഉത്പന്നങ്ങളുടെ ഒഴുക്കിൽ പിടിച്ചു നിൽക്കാനാവാത്ത പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും വലിയ ദുരവസ്ഥയിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണിപ്പോൾ. ഐ.എം.എഫിൽ നിന്നും കടമെടുത്താണ് പാകിസ്ഥാൻ പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുന്നതെന്നും ഫോർബ്സ് ചൂണ്ടിക്കാട്ടുന്നു.

india-rcep-china-

2012ലാണ് ഇന്ത്യ ആർ.സി.ഇ.പിയിൽ അംഗമാവുന്നത്. കോൺഗ്രസ് നയിച്ച യു.പി.എ സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് ഇതിന് ചുക്കാൻ പിടിച്ചത്. എന്നാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും ഉത്പാദനത്തെയും ദോഷകരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് നാടകീയമായി കരാറിൽ നിന്നും പിൻതിരിയാൻ ഇന്ത്യ തയ്യാറായത്. നിലവിൽ ചൈനയുമായുള്ള വ്യാപാരത്തിന്റെ കമ്മി നികത്താനുള്ള വഴികൾ ആലോചിക്കുന്ന സർക്കാരിന് മുന്നിൽ പുതിയ വെല്ലുവിളിയായിരുന്നു ആർ.സി.ഇ.പി കരാർ.

2050തോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചൈനയെ മറികടക്കുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുമ്പോൾ പാകിസ്ഥാന് സംഭവിച്ച അബദ്ധം ഇന്ത്യ തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു ആർ.സി.ഇ.പിയിൽ മോദിയുടെ അവസാന നിമിഷത്തെ പിൻതിരിയൽ എന്നാണ് അമേരിക്കൻ മാദ്ധ്യമത്തിന്റെ നിരീക്ഷണം.