പാമ്പ്, എന്നു കേൾക്കുമ്പോൾ തന്നെ പേടിയുള്ളവരുണ്ടാകും. എന്നാൽ, പാമ്പുകലെ കളിപ്പാട്ടം പോലെ കൊണ്ടു നടക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽത്തന്നെ. അടുക്കളയിലും കിടപ്പുമുറിയിലും വരെ ഒരു പേടിയുമില്ലാതെ വിഹരിക്കുന്ന പാമ്പുകൾ. ഉഗ്ര വിഷമുള്ള പാമ്പുകൾ കുട്ടികളുമായി കളിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചകളിലൊന്നാണ്. നാഗങ്ങളുടെ അഭയസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാരാഷ്ട്രയിലെ ശെത്പലിലാണ് ഈ കാഴ്ചയുള്ളത്. നാഗങ്ങളുടെ ദേവസ്ഥാനം കൂടിയാണിത്.ഗ്രാമീണർ ഇവയെ ഉപദ്രവിക്കാറില്ല. മാത്രമല്ല പതിറ്റാണ്ടുകളായി ഇവിടുത്തെ പാമ്പുകൾ ആരെയും ഉപദ്രവിക്കാറുമില്ല.
പാമ്പുകളുടെ അനുഗ്രഹത്തിന് പൂജകളും കർമങ്ങളും ചെയ്യാറുണ്ട്. ജൈവസമൃദ്ധിയുടെ വിളനിലമായ പശ്ചിമഘട്ടത്തോടടുത്തു കിടക്കുന്ന പ്രദേശങ്ങളിൽ വിവിധ ഇനങ്ങളിൽപ്പെട്ട പാമ്പുകൾ ധാരാളമുണ്ട്. കൊടും വിഷമുള്ള മൂർഖൻ വീട്ടിലെ അംഗത്തെപ്പോലെയാണ്. പുനെയിൽ നിന്ന് 200 കിലോമീറ്റർ അകലെ, ഷോലാപൂർ ജില്ലയിലുള്ള ഗ്രാമമാണ് ശെത്പൽ. മൂർഖൻ പാമ്പുകൾ വീടുകളിൽ ഭയലേശമന്യേ കയറിയിറങ്ങി നടക്കുന്ന കാഴ്ച ഇവിടെ സാധാരണമാണ്. പാമ്പുകളെ ദൈവങ്ങളായി കണ്ട് ആരാധിക്കുന്ന പാരമ്പര്യം പിന്തുടരുന്നതിനാൽ അവ വീട്ടിൽ വരുന്നത് നല്ല കാര്യമായിട്ടാണ് അവർ കരുതുന്നത്.
പാമ്പുകൾക്കായി മിക്ക വീടുകളിലും പ്രത്യേകം ദേവസ്ഥാനമുണ്ട്. ഇവിടേക്ക് എപ്പോൾ വേണമെങ്കിലും പാമ്പുകൾക്ക് കയറി വരാം. പാമ്പുകളുമായുള്ള സഹവാസം കുട്ടിക്കാലം മുതൽ ശീലിക്കുന്നതിനാൽ കുട്ടികൾ പോലും ഇവയെ ഉപദ്രവിക്കുകയോ ഭയക്കുകയോ ചെയ്യാറില്ല. ഇവിടെ ആളുകൾ പാമ്പുകളെ ഉപദ്രവിക്കാത്തതു പോലെ തന്നെ അവ ആളുകളെയും ഉപദ്രവിച്ച ചരിത്രമില്ല. പുനെ എയർപോർട്ടിൽ നിന്നും ശെത്പലിലേക്ക് കാബ് സൗകര്യം ലഭ്യമാണ്.
മഹാരാഷ്ട്രയിൽത്തന്നെയാണ് രാജീവ് ഗാന്ധി നാഷനൽ പാർക്ക്. ഇവിടെ വിവിധ ഇനത്തിൽപ്പെട്ട പാമ്പുകളുണ്ട്. 130 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന നാഷണൽ പാർക്ക് മൃഗശാല, സ്നേക്ക് പാർക്ക്, അനിമൽ ഓർഫനേജ് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. മുളമണ്ഡലി, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി, വെള്ളിക്കെട്ടന്‍, പവിഴപ്പാമ്പ്, മഞ്ഞവരയൻ, കരിമൂർഖൻ തുടങ്ങിയ ഉഗ്ര വിഷമുള്ള പാമ്പുകളെ ഇവിടുത്തെ നാഷണൽ പാർക്കുകളിൽ കാണാം.