ന്യൂഡൽഹി: ഏറ്റവും ജനപ്രിയതയുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിലൊന്നാണ് വാട്സാപ്പ്. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാത്തയാളുകൾ വളരെ ചുരുക്കമാണ്. ഇടയ്ക്കിടെ വാട്സാപ്പിൽ പുതിയ സന്ദേശം വല്ലതും വന്നോ, ആരെങ്കിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തോ എന്നൊക്കെ നോക്കുന്നവരാണ് നമ്മൾ.
ഇപ്പോഴിതാ വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ വന്നിരിക്കുകയാണ്. ഇതറിഞ്ഞതോടെ പുത്തൻ ഫീച്ചറുകൾ പ്രതീക്ഷിച്ച് അപ്ഡേറ്റ് ചെയ്ത നിരവധിയാളുകൾ ഉണ്ട്. എന്നാൽ പുതിയ അപ്ഡേഷൻ വന്നതോടെ ചില ഉപഭോക്താക്കൾക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.
അപ്ഡേഷൻ പൂർത്തിയാകുന്നതോടെ ബാറ്ററി ചോർച്ചയുണ്ടാകുന്നുവെന്നാണ് റിപ്പോർട്ട്. ഐഫോൺ, വൺപ്ലസ്,സാംസങ്, ഷവോമി,ഗൂഗിൾ പിക്സൽ,വിവോ ഒപ്പോ ഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. നിരവധിയാളുകളാണ് പരാതിയുമായി എത്തിയത്. ആപ്ലിക്കേഷന്റെ ബാക്‌ഗ്രൗണ്ട് പ്രവർത്തനങ്ങൾ വർദ്ധിച്ചതാണ് ഈയൊരു പ്രശ്നത്തിന് കാരണമെന്ന് വാട്സാപ്പ് ബീറ്റ ഇൻഫോ ട്വീറ്റ് ചെയ്തു.
അതേസമയം, പുതിയ അപ്ഡേഷനിൽ ഏറെക്കാലമായി ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ഒരു ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല ആർക്കൊക്കെ നമ്മളെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാൻ സാധിക്കുമെന്ന് തീരുമാനിക്കാവുന്ന പുതിയ ഫീച്ചറാണ് വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.