saudi-riyal-

നീലേശ്വരം : ബിസിനസ് നടത്തി ലാഭമുണ്ടാക്കിത്തരാമെന്ന വാഗ്ദാനം നൽകി സൗദി പൗരന്റെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അന്വേഷണം നടത്താൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്) യുടെ നിർദേശ പ്രകാരമാണു കേസെടുത്തത്. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഫലാഹ് നഗറിലെ സിദ്ദിഖ് ചിറമ്മൽ (37), നീലേശ്വരം കൊട്രച്ചാലിലെ കെ.പി.ഹംസ (56) എന്നിവർക്കെതിരെയാണു നീലേശ്വരം പൊലീസ് കേസെടുത്തത്. ഇരുവരും കെട്ടിട നിർമ്മാണ വസ്തുക്കളുടെ ബിസിനസ് നടത്തി ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് സൗദി പൗരനിൽ നിന്നും പണം വാങ്ങിയെടുത്തത്. സൗദി പൗരന്റെ കൈയ്യിൽ നിന്നും 10,33,000 സൗദി റിയാലാണ് വാങ്ങിയെടുത്ത ശേഷം ഇരുവരും നാട്ടിലേക്ക് മുങ്ങുകയായിരുന്നു. 2016 ഓഗസ്റ്റ് 14 നും 2017 മേയ് മൂന്നിനും ഇടയിലാണു കേസിനാസ്പദമായ പണമിടപാടു നടന്നത്. രണ്ട് വർഷം കഴിഞ്ഞിട്ടും വാഗ്ദാന പ്രകാരം സാധനങ്ങൾ എത്തിച്ചു നൽകുകയോ പണം മടക്കി നൽകുകയോ ചെയ്യാതിരുന്നതോടെയാണ് കോടതിയെ സമീപിക്കാൻ പരാതിക്കാരൻ തയ്യാറായത്.