iran-

ടെഹ്റാൻ: 53 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാൻ. തെക്കുപടിഞ്ഞാറൻ മേഖലയിലെ ഖുസെസ്ഥാൻ പ്രവിശ്യയിലാണ് എണ്ണപ്പാടം കണ്ടെത്തിയതെന്നു പ്രസിഡന്റ് ഹസൻ റൂഹാനി അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെയുള്ള ക്രൂഡ് ഓയിൽ ശേഖരം മൂന്നിലൊന്നു വർദ്ധിക്കുമെന്നും റൂഹാനി പറഞ്ഞു. യസ്ദ നഗരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് റൂഹാനി ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് രാജ്യാന്തരമാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

2400 ചതിരശ്ര കി.മീ വിസ്തീർണത്തിൽ, 80 മീറ്റർ താഴ്ചയിലാണ് പുതിയ എണ്ണപ്പാടം കണ്ടെത്തിയിട്ടുള്ളത്. നിലവിൽ 150 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമാണ് ഇറാനിലുള്ളത്. അമേരിക്കയുടെ ഉപരോധത്തെത്തുടർന്ന് ഇറാന്റെ ക്രൂഡ് ഓയിൽ വില്പന രാജ്യാന്തര തലത്തിൽ തടസപ്പെട്ടിരിക്കെയാണു പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാന്റെ വെളിപ്പെടുത്തൽ. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണിതെന്നാണ് വിവരം. 65 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള അവാസിലെ എണ്ണപ്പാടമാണ് ഇറാന്റെ എറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരം. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള നാലാമത്തെയും പ്രകൃതിവാതക നിക്ഷേപമുള്ള രണ്ടാമത്തെയും രാജ്യമാണ് ഇറാൻ.

''ഇറാന്റെ എണ്ണ വില്പനയ്ക്ക് നിങ്ങൾ ഉപരോധം ഏർപ്പെടുത്തിയ സമയത്തു രാജ്യത്തെ തൊഴിലാളികൾക്കും എൻജിനിയർമാർക്കും 53 ബില്യൻ ബാരൽ എണ്ണ കണ്ടെത്താൻ കഴിഞ്ഞു" എന്നാണ് ടെലിവിഷനിലൂടെ ഹസൻ റൂഹാനി വൈറ്റ് ഹൗസിനെ അറിയിച്ചത്. അതേസമയം, പുതിയ എണ്ണപ്പാടത്തിൽനിന്ന് നിന്ന് എണ്ണ ഉത്പാദിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തതയില്ല.

 ''എണ്ണപ്പാടം കണ്ടെത്തുന്നതും എണ്ണ ഉത്പാദിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇതിന് സമയമെടുക്കും. അത് പ്രദേശത്തിന്റെ സ്വഭാവത്തിന് അനുസരിച്ചിരിക്കും. എങ്കിലും 20-30 ശതമാനം എണ്ണ വേർതിരിച്ചെടുക്കാൻ കഴിഞ്ഞാൽ തന്നെയും അത് വളരെ വലുതാണ്".

- മനൗച്ചെഹ്‌ർ താക്കിൻ, അന്താരാഷ്ട്ര വിദഗ്ദ്ധൻ

 പ്രതിസന്ധിയിൽ ഇറാൻ

2018ൽ ആണവ കരാറിൽ നിന്നു യു.എസ് പിന്മാറിയതിനു ശേഷം രാജ്യാന്തര തലത്തിൽ ഇറാന് എണ്ണ വിൽക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇറാന് ഉണ്ടാക്കിയത്. ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യു.കെ എന്നീ വൻശക്തികൾ കരാറിൽനിന്നു പിന്മാറിയിട്ടില്ലെങ്കിലും എണ്ണ വിൽക്കാൻ ഇറാനു സാധിച്ചിട്ടില്ല. ഇതോടെ അമേരിക്കയുടെ ഉപരോധം പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്, ലോകശക്തികളെ വെല്ലുവിളിച്ച് ഇറാൻ ആണവസമ്പുഷ്ടീകരണത്തിനു തുടക്കമിട്ടിരുന്നു.