കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുൾബുൾ ചുഴലിക്കാറ്റിൽ മരണം ഏഴായി. ചുഴലിക്കാറ്റ് പശ്ചിമബംഗാളിൽ കനത്ത നാശനഷ്ടം വരുത്തിയതായാണ് റിപ്പോർട്ടുകൾ. പശ്ചിമബംഗാളിലെ സാഗർ ദ്വീപുകളിൽ അഞ്ചു പേരും ബംഗ്ലാദേശിൽ രണ്ടു പേരും മരിച്ചു. ചുഴലിക്കാറ്റ് പശ്ചിമബംഗാളിൽ പ്രവേശിച്ചതിനെ തുടർന്ന് തീരദേശമേഖലയിൽ നിന്നും ദ്വീപുകളിൽ നിന്നും ഒരു ലക്ഷം പേരെ ഒഴിപ്പിച്ചു. പശ്ചിമബംഗാളിൽ 110-120 കി.മീറ്റർ വേഗതയിലാണ് കാറ്റ് സഞ്ചരിച്ചത്.
ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും ജനജീവിതം തടസപ്പെടുകയും ചെയ്തു. സൗത്ത് 24 പർഗാന, നോർത്ത് 24 പർഗാന, കിഴക്കൻ മിഡ്‌നാപൂർ എന്നിവിടങ്ങളെയാണ് കാര്യമായി ബാധിച്ചത്. ഒഡീഷയിലെയും പശ്ചിമബംഗാളിലെയും വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്തി. ബാഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി അദ്ദേഹം സംസാരിക്കുകയും കേന്ദ്ര സർക്കാറിന്റെ സാദ്ധ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. 12 മണിക്കൂറിനുള്ളിൽ കാറ്റിന്റെ ശക്തി കുറയുമെന്നാണ് റിപ്പോർട്ട്.