benli-

വിഖ്യാത ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ബെനെലി ഇന്ത്യൻ വിപണിയിലെത്തിച്ച പുത്തൻ ക്രൂസർ മോഡലാണ് ഇംപീരിയാലെ 400. ഇന്ത്യൻ ക്രൂസർ ശ്രേണിയിലെ അതികായരായ റോയൽ എൻഫീൽഡ്, ജാവ എന്നിവരെ നേരിടുകയാണ് ഇംപീരിയാലെ 400ന്റെ ദൗത്യം. 1.69 ലക്ഷം രൂപ മാത്രം എക്‌സ്‌ഷോറൂം വിലയുള്ള ഇംപീരിയാലെ 400, ബെനെലിയുടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ്.

വില കുറച്ചുനിറുത്താനായി, ബൈക്കിൽ 'ലോക്കലൈസേഷൻ" പരമാവധി ഉറപ്പാക്കാൻ ബെനെലി ശ്രദ്ധിച്ചിട്ടുണ്ട്. ക്ലാസിക് ക്രൂസർ ശ്രേണിയിൽ ബെനെലി അവതരിപ്പിക്കുന്ന പ്രഥമ മോഡൽ കൂടിയാണിത്. 2017ലാണ് ഇംപീരിയാലെ 400 ആഗോളതലത്തിൽ അവതരിച്ചത്. രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് എത്തുന്നതെങ്കിലും, ഇന്ത്യൻ നിരത്തുകൾക്ക് ഏറെ അനുയോജ്യമാണ് പുത്തൻ ഇംപീരിയാലെ 400 എന്ന് ബെനെലി പറയുന്നു.

പഴമയ്ക്കൊപ്പം പുത്തൻ ചേരുവകൾ കൂടിച്ചേർത്ത്, ക്ളാസിക് ശൈലിയിലാണ് ഇംപീരിയാലെ 400ന്റെ രൂപകല്‌പന. 374 സി.സി., എസ്.ഒ.എച്ച്.സി., സിംഗിൾ സിലിണ്ടർ, 4-സ്‌ട്രോക്ക്, എയർകൂളായ എൻജിനാണുള്ളത്. ബി.എസ്-4 മലിനീകരണ ചട്ടങ്ങൾ അനുശാസിക്കുന്ന എൻജിനാണിത്. 5,500 ആ.പി.എമ്മിൽ 20.7 ബി.എച്ച്.പിയാണ് കരുത്ത്. ഉയർന്ന ടോർക്ക് 4,500 ആർ.പി.എമ്മിൽ 29 എൻ.എം. ഗിയറുകൾ അഞ്ച്.

ക്ളാസിക് ശ്രേണിയിലെ മറ്റ് ക്രൂസറുകളെ പോലെ, പഴയകാല രൂപകല്‌പനാ ശൈലി പിന്തുടരുകയാണ് ഇംപീരിയാലെ 400 ബൈക്കും. 1950കളിലെ പഴയ ബെനെലി ഇംപീരിയാലെയിൽ നിന്ന് ഒട്ടേറെ ശൈലികൾ പുത്തൻ ഇംപീരിയാലെ 400 കടംകൊണ്ടിട്ടുണ്ട്. വൃത്താകൃതിയുള്ള ഹെഡ്‌ലൈറ്ര്, അതിനുയോജിച്ച ഇൻഡിക്കേറ്ററുകൾ, ക്ളാസിക് ടച്ച് നിലനിറുത്തിയിട്ടുള്ള, വൃത്താകൃതിയിലുള്ള ഇരട്ട ഇൻസ്‌ട്രുമെന്റ് കൺസോൾ, അതിൽ എൽ.സി.ഡി സ്‌ക്രീൻ, വീതിയേറിയ ഹാൻഡിൽബാർ, ക്രൂസറുകളിലെ തനത് ഇന്ധനടാങ്ക്, സ്‌പ്ളിറ്റ് സീറ്റുകൾ എന്നിവ പഴമയുടെ പെരുമ എടുത്തുകാട്ടുന്നു.

എന്നാൽ, ഇതിനൊപ്പം പുത്തൻ ചേരുവകളായ ഡിസ്‌ക് ബ്രേക്കുകൾ (ഇരു വീലുകളിലും), ഡ്യുവൽ ചാനൽ എ.ബി.എസ്., മുന്നിൽ 41 എം.എം ടെലസ്‌കോപ്പിക് - പിന്നിൽ ട്വിൻ-പ്രീലോഡ് അഡ്‌ജസ്‌റ്റബിൾ സസ്‌പെൻഷനുകൾ, മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും വീലുകൾ എന്നിവ കൂടി ചേരുമ്പോൾ ബൈക്കിന് മോഡേൺ ഭാവവും ലഭിക്കുന്നു. വളരെ സ്മൂത്തായ എൻജിനാണ് ഇംപീരിയാലെ 400ന്റേതാണ്. വേഗം ഉയരുമ്പോൾ ചെറിയ വൈബ്രേഷനുണ്ടെങ്കിലും അത്, ഹാൻഡിൽബാറിനെയോ റൈഡിംഗിനെയോ സ്വാധീനിക്കുന്നില്ല.

മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലും സുഖയാത്ര ഇംപീരിയാലെ 400 നൽകും. ദീർഘദൂരം, ഹൈവേ, നഗരനിരത്തുകൾക്ക് ഒരുപോലെ അനുയോജ്യമാണ് ഇംപീരിയാലെ 400. സിൽവർ, മെറൂൺ, കറുപ്പ് നിറങ്ങളിൽ ബൈക്ക് ലഭിക്കും.