karnataka-

ബംഗളൂരു: കർണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 5ന് നടക്കും. ഡിസംബർ 9നാണ് വോട്ടെണ്ണൽ. ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ന് മുതൽ ഈ മാസം 18 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം.

നേരത്തേ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കൊപ്പം കർണാടകയിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നെങ്കിലും, അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയായിരുന്നു. കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിലൂടെ അയോഗ്യരാക്കപ്പെട്ട 15 എം.എൽ.എമാരുടെ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.