കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുൾബുൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് എട്ട് മരണം. ബംഗാളിലും ബംഗ്ലാദേശ് മേഖലയിലേക്കും പ്രവേശിച്ച ചുഴലിക്കാറ്റ് ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് 120 കി.മീ വേഗതയിൽ കരതൊട്ടത്. ബംഗ്ലാദേശിലും ഇന്ത്യയിലുമായി 25 ലക്ഷത്തോളം ജനങ്ങൾ ഇതിനോടകം ക്യാമ്പുകളിലേക്ക് മാറിയതായാണ് വിവരം. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും കൂടാതെ ഒഡിഷയിലും ചുഴലിക്കാറ്റ് കാര്യമായ നാശം വിതച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ വരവിനെ തുടർന്ന് ബംഗ്ലാദേശിലെയും ബംഗാളിലെയും വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും പ്രവർത്തനം നിറുത്തി വച്ചിരുന്നു. ബംഗാളിൽ മൂന്ന് പേരും ബംഗ്ലാദേശിൽ മൂന്നുപേരും മരംവീണും, ഒഡിഷയിൽ ഒരാൾ മതിലിടിഞ്ഞ് വീണുമാണ് മരിച്ചത്. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശിലെ 4000ഓളം വീടുകൾ ചുഴലിക്കാറ്റിൽ തകർന്നു. ബംഗ്ലാദേശിലെ കുൽനയിൽ വൻനാശമാണ് ഉണ്ടായത്. ലോകത്തെ ഏറ്റവും വലിയ കണ്ടൽക്കാട് മേഖലയായ സുന്ദർബൻ മേഖലയിൽ വൻനാശമാണ് ചുഴലിക്കാറ്റിലുണ്ടായത് എന്നാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ടെലിഫോണിൽ സംസാരിച്ചു. ബംഗാളിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും ചുഴലിക്കാറ്റും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ പത്ത് സംഘങ്ങളെ ബംഗാളിലേക്കും ആറ് സംഘങ്ങളെ ഒഡിഷയിലേക്കും അയച്ചിട്ടുണ്ടെന്ന് അഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചു.