maharashtra

മുംബയ്: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ തങ്ങൾക്ക് കേവല ഭൂരിപക്ഷം ഇല്ലെന്ന് ഗവർണറെ അറിയിച്ച് ബി.ജെ.പി. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിൽ വിളിച്ചുചേർത്ത ബി.ജെ.പി കോർ കമ്മിറ്റിക്ക് ശേഷമാണ് ഫഡ്‌നാവിസ് ഇക്കാര്യം മഹാരാഷ്ട്ര ഗവർണറായ ഭഗത് സിംഗ് കോശ്യരിയെ അറിയിച്ചത്. സർക്കാർ രൂപീകരിക്കാൻ ഉള്ള സാഹചര്യം ഉണ്ടോ എന്ന് ആരാഞ്ഞുകൊണ്ട് ഗവർണർ ക്ഷണിച്ചതനുസരിച്ചാണ് ബി.ജെ.പി കോർ കമ്മിറ്റി യോഗം വിളിച്ചുചേർത്തത്. ബി.ജെ.പിയിലെ പ്രധാനപ്പെട്ട നേതാക്കളോടൊപ്പം വീഡിയോ കോൺഫറൻസിംഗിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി ചർച്ചയിൽ പങ്കെടുത്തിരുന്നു.

മണിക്കൂറുകൾ നീണ്ട ഈ യോഗത്തിന് ശേഷമാണ് ശിവസേനയ്ക്ക് വഴങ്ങിക്കൊണ്ട് സർക്കാർ രൂപീകരിക്കേണ്ട എന്നൊരു തീരുമാനത്തിലേക്ക് ബി.ജെ.പി എത്തുന്നത്. തുടർന്നാണ് പ്രധാന നേതാക്കളോടൊപ്പം ഫഡ്‌നാവിസ് ഗവർണറെ കാണുകയും തീരുമാനം അറിയിക്കുകയും ചെയ്തത്. ഗവർണറെ കണ്ട ശേഷം ശിവസേനയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഉന്നയിച്ചത്. ശിവസേനയുമായുള്ള തങ്ങളുടെ ബന്ധം അവസാനിച്ചതായും ബി.ജെ.പി മാദ്ധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

മുന്നണിയായി ഒരുമിച്ചുനിന്ന് മത്സരിച്ച ശേഷം ശിവസേന തങ്ങളെ പുറകിൽ നിന്നും കുത്തുകയായിരുന്നു എന്നാണ് ബി.ജെ.പി പറഞ്ഞത്. ജനവിധിയെ ശിവസേന വഞ്ചിച്ചുവെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷം ബി.ജെ.പി - ശിവസേന സഖ്യം വളരെ അനായാസമായി സർക്കാർ രൂപീകരിക്കും എന്ന് കരുതിയിരുന്നയിടത്ത് നിന്നുമാണ് ഇങ്ങനെയൊരു പ്രതിസന്ധിയിലേക്ക് ഇരുവരും കൂപ്പുകുത്തിയത്. സർക്കാരുണ്ടാക്കാൻ തങ്ങൾക്ക് ഭൂരിപക്ഷമില്ല എന്ന് ബി.ജെ.പി അറിയിച്ച സാഹചര്യത്തിൽ ശിവസേനയെ സർക്കാരുണ്ടാക്കാനായി ഗവർണർ ക്ഷണിക്കാനാണ് സാദ്ധ്യത.