സെന്റ് പീറ്റേഴ്സ്ബർഗ്: വാക്കുതർക്കത്തെ തുടർന്ന് കാമുകിയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ റഷ്യയിലെ പ്രമുഖ ചരിത്ര ഗവേഷകൻ അറസ്റ്റിൽ. സെന്റ് പീറ്റേഴ്സ്ബർഗ് സർവകലാശാലയിലെ പ്രൊഫസർകൂടിയായ ഒലെഗ് സൊകോലോവ് (63) ആണ് അറസ്റ്റിലായത്. മൂന്നായി വെട്ടിമാറ്റിയ കാമുകിയുടെ ശരീരഭാഗങ്ങൾ വിവിധയിടങ്ങളിൽ നിക്ഷേപിക്കുന്നതിനിടെയാണ് ഒലെഗ് അറസ്റ്റിലായത്. 24കാരി അനസ്താസിയ യെഷ്ചെങ്കോയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അനസ്താസിയയുടെ ശരീരത്തിൽ നിന്ന് വെട്ടിയെടുത്ത കൈകൾ ബാഗിലാക്കി ഉപേക്ഷിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന ഒലെഗ് പുഴയിൽ വീഴുകയായിരുന്നു. ഒലെഗിനെ രക്ഷിക്കുന്നതിനിടെ ഇയാളുടെ ബാഗിൽ നിന്നു പൊലീസ് കൈകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒലെഗ് കൊലപാതകവിവരം പൊലീസിനെ അറിയിക്കുന്നത്.
തന്റെ മുൻ വിദ്യാർത്ഥിയും കാമുകിയുമായ അനസ്താസിയയെ വാക്ക് തർക്കത്തെ തുടർന്ന് കൊല്ലുകയായിരുന്നുവെന്ന് ഒലെഗ് സമ്മതിച്ചു. തെളിവ് നശിപ്പിച്ചശേഷം നെപ്പോളിയനെപ്പോലെ വേഷം ധരിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഒലെഗ് പൊലീസിനോട് പറഞ്ഞു. നെപ്പോളിയനെപ്പറ്റിയുള്ള പഠനത്തിൽ അഗ്രഗണ്യനായിരുന്ന ഒലെഗിന് ഫ്രാൻസിന്റെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ ലീജിയൺ ഡി' ഓണർ ലഭിച്ചിട്ടുണ്ട്. നെപ്പോളിയനെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ എഴുതിയ ഒലെഗ് ചരിത്രപരമായ ഒട്ടേറെ സിനിമകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.