vijayakumar-65

മൂവാറ്റുപുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരനും പ്രഭാത് ബുക്ക് ഹൗസ് മുൻ ജനറൽ മാനേജരും സി.പി.ഐ മൂവാറ്റുപുഴ ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറിയുമായ മൂവാറ്റുപുഴ ഗാന്ധിനഗർ കാനം ഹൗസിൽ (കൊച്ചുകളപ്പുരയിടത്തിൽ) പി. വിജയകുമാർ (കാനം വിജയൻ, 65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഹേമ വിജയൻ (റിട്ട. പ്രൊഫസർ, ശ്രീശങ്കര വിദ്യാപീഠം കോളേജ്, ഐരാപുരം). മകൾ: ദിയ (സോഫ്റ്റ്‌വെയർ എൻജിനിയർ, ബംഗളൂരു).
മൂവാറ്റുപുഴയിൽ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളിൽ സജീവമായിരുന്നു. വൈസ്‌മെൻ ഇന്റർനാഷണലിന്റെ കോൺഫറൻസിൽ പങ്കെടുക്കാൻ ചെന്നൈയിലേക്ക് പോകുംവഴി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വിവരമറിഞ്ഞ് കാനം രാജേന്ദ്രൻ ഇന്നലെ പുലർച്ചെ തന്നെ വസതിയിലെത്തിയിരുന്നു.

മൂവാറ്റുപുഴ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു പാർട്ടി പതാക പുതപ്പിച്ചു. മന്ത്രിമാരായ പി. തിലോത്തമൻ, കെ. രാജു, ചീഫ് വിപ്പ് കെ. രാജൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, മുൻ മന്ത്രി കെ.ഇ. ഇസ്മായിൽ, എം.എൽ.എമാരായ സി. ദിവാകരൻ, ആർ. രാമചന്ദ്രൻ, സി.കെ. ആശ, എൽദോസ് കുന്നപ്പള്ളി, എൽദോ എബ്രഹാം, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സംവിധായകൻ വിനയൻ, മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, ജോയിന്റ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ, ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ, പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്. ഹനീഫ റാവുത്തർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.