കൊല്ലം: സിവിൽ സർവീസിൽ മികച്ച റാങ്ക് നേടണം, നല്ലൊരു ഐ.എ.എസ് ഉദ്യോഗസ്ഥയായി ജനങ്ങൾക്ക് നല്ലതു ചെയ്യണം. നിറമുള്ള ഒരുപിടി സ്വപ്നങ്ങളുമായാണ് ഫാത്തിമാ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയുടെ പടികയറിയത്.പക്ഷെ, സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് ഫാത്തിമ ഒരു വാക്കുപോലും പറയാതെ ഹോസ്റ്റൽ മുറിയിൽ സ്വയം ജീവിതം അവസാനിപ്പിച്ചതിന്റെ അമ്പരപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ശനിയാഴ്ച രാവിലെ 11 ഓടെയാണ് മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാംകുറ്റി പ്രിയദർശനി ഗഗർ 173 കിലോൻതറയിൽ പ്രവാസിയായ അബ്ദുൾ ലത്തീഫിന്റെയും സജിതയുടെയും മകളാണ്.
മദ്രാസ് ഐ.ഐ.ടിയുടെ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് (എച്ച്.എസ്.ഇ.ഇ) കോഴ്സിനുള്ള പ്രവേശന പരീക്ഷയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശിനി ഫാത്തിമ ലത്തീഫ് ഒന്നാം റാങ്കുകാരിയായിരുന്നു. ചെറുപ്പത്തിലേ തന്നെ ഫാത്തിമയുടെ മനസിലുറച്ച സ്വപ്നമാണ് സിവിൽ സർവീസ്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ വൺ ഉണ്ടായിട്ടും പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് എടുത്തത് സ്വപ്നത്തിലേക്കുള്ള ചുവടുവയ്പായിരുന്നു. ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നും ഗ്രേസ് മാർക്കില്ലാതെ 93.2 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഗുണമാകുന്ന കോഴ്സായതിനാലാണ് (എച്ച്.എസ്.ഇ.ഇ) കോഴ്സിന് ചേർന്നത്.
ചെന്നൈ റോയൽപെട്ട് ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ സംസ്കാരം നടത്തും. അയിഷ ഇരട്ട സഹോദരിയാണ്. എട്ടാം ക്ലാസുകാരി മറിയം ഇളയ സഹോദരിയാണ്.
ആത്മഹത്യയ്ക്ക് പിന്നിൽ
അദ്ധ്യാപകരുടെ പീഡനം
അദ്ധ്യാപകരുടെ പീഡനമാണ് മിടുക്കിയായ ഫാത്തിമയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നൈയിലെത്തിയ കുടുംബസുഹൃത്തുക്കളോട് ഫാത്തിമയുടെ സഹപാഠികളാണ് ഇക്കാര്യം വെളിപ്പെടുത്തിയക്. മുസ്ലീം സമുദായാംഗമായ ഫാത്തിമയ്ക്ക് അദ്ധ്യാപകർ ബോധപൂർവം ഇന്റേണൽ മാർക്ക് കുറച്ചെന്നാണ് വിവരം. ചില വിദ്യാർത്ഥികൾ ജാതീയമായ പീഡനത്തിന് ഇരയാകുന്നതായും സഹപാഠികൾ വ്യക്തമാക്കി. ഇക്കൊല്ലം മാത്രം മദ്രാസ് ഐ.ഐ.ടിയിൽ മൂന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു.