റിയാദ്: ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി, ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി, ലോകത്ത് ഏറ്രവുമധികം ലാഭം നേടുന്ന കമ്പനി എന്നിങ്ങനെ സവിശേഷതകളുള്ള സൗദി ആരാംകോ പുതിയൊരു റെക്കാഡിലേക്ക് കൂടി ചുവടുവയ്ക്കുന്നു. സൗദിയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ പ്രാരംഭ ഓഹരി വില്‌പനയ്ക്ക് (ഐ.പി.ഒ) ഈമാസം 17ന് തുടക്കമാകും. കമ്പനി കഴിഞ്ഞവാരം പുറത്തിറക്കിയ ഐ.പി.ഒ സംബന്ധിച്ച പ്രോസ്‌പെക്‌ടസിലാണ് ഇക്കാര്യമുള്ളത്.

ലോകത്തെ ഏറ്റവും വലിയ ഐ.പി.ഒയ്‌ക്കാണ് ആരാംകോ തുടക്കമിടുന്നത്. ഐ.പി.ഒയിലൂടെ 2,500 കോടി ഡോളറിനുമേൽ (1.78 ലക്ഷം കോടി രൂപ) സമാഹരിക്കാൻ ആരാംകോയ്ക്ക് കഴിഞ്ഞാൽ 2014ൽ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ സ്ഥാപിച്ച റെക്കാഡ് മറികടക്കാം. അതേസമയം, ഐ.പി.ഒയിലൂടെ ആരാംകോ കുറഞ്ഞത് 3,000 കോടി ഡോളറെങ്കിലും (2.14 ലക്ഷം കോടി രൂപ) സമാഹരിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. ഇത് പരമാവധി 4,000 കോടി ഡോളർ (2.85 ലക്ഷം കോടി രൂപ) വരെ ഉയരാം. അതായത്, ആരാംകോ റെക്കാഡ് കുറിക്കുമെന്ന് ചുരുക്കം.

17ന് ആരംഭിച്ച് 28വരെ വ്യക്തിഗത നിക്ഷേപകർക്ക് ഓഹരികൾ വാങ്ങാവുന്ന തലത്തിലാണ് ഐ.പി.ഒ സജ്ജീകരിച്ചിരിക്കുന്നത്. ധനകാര്യ-നിക്ഷേപ സ്ഥാപനങ്ങൾക്ക് ഡിസംബർ നാലുവരെ ഓഹരി വാങ്ങാം. ഓഹരികളുടെ അന്തിമവില ഡിസംബർ അഞ്ചിനാണ് പ്രഖ്യാപിക്കുക. വ്യക്തിഗത നിക്ഷേപകർക്കായി 0.5 ശതമാനം ഓഹരികൾ നീക്കിവച്ചിട്ടുണ്ട്. ധനകാര്യ-നിക്ഷേപ സ്ഥാപനങ്ങൾക്ക് നൽകുന്ന ഓഹരികൾ സംബന്ധിച്ച് പ്രോസ്‌പെക്‌ടസിൽ സൂചനകളില്ല. കഴിഞ്ഞവർഷം 11,110 കോടി ഡോളറിന്റെ ലാഭമാണ് (7.92 ലക്ഷം കോടി രൂപ) ആരാംകോ കുറിച്ചത്.