krish

ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി എപ്പോഴും പ്രവർത്തിച്ച മനുഷ്യസ്നേഹിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പി.എസ്. കൃഷ്‌ണൻ. 1957 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കൃഷ്‌ണൻ ആന്ധ്രാ പ്രദേശിൽ കളക്ടറായി ‌ഒൗദ്യോഗിക ജീവിതം തുടങ്ങിയപ്പോൾ തന്നെ പട്ടികജാതി കോളനികളിലും ആദിവാസി ഗ്രാമങ്ങളിലും പിന്നാക്കക്കാരുടെ ചേരികളിലും താമസിച്ച് പ്രവർത്തിച്ചു. ബ്രാഹ്മണ സമുദായാംഗമായ കൃഷ്‌ണന്റെ നടപടി മേലധികാരികളുടെ വിമർശനത്തിനും ഇടയാക്കി. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് തന്നിൽ അവബോധമുണ്ടാക്കിയത് കേരളകൗമുദി പത്രമാണെന്ന് അദ്ദേഹം പറയുമായിരുന്നു. ആന്ധ്രയിൽ ഭൂരഹിതർക്കും വീടില്ലാത്തവർക്കും ഭൂമി ലഭ്യമാക്കുന്ന പദ്ധതികൾക്ക് തുടക്കമിട്ട കൃഷ്‌ണൻ പിന്നീട് ഡൽഹിയിൽ കേന്ദ്ര സെക്രട്ടറിയായി നിയമിതനായപ്പോഴും അതു തുടർന്നു. 1990ൽ ക്ഷേമ മന്ത്രാലയത്തിലെ സെക്രട്ടറിയായിരിക്കെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാരിനെ പ്രചോദിപ്പിച്ചതാണ് അദ്ദേഹത്തിന്റെ വലിയ സംഭാവന. റിപ്പോർട്ടിനെ സുപ്രീംകോടതിയിൽ വിജയകരമായി പ്രതിരോധിക്കാൻ സർക്കാരിനെ സഹായിച്ചതും കൃഷ്‌ണനാണ്. പട്ടികജാത പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കുവേണ്ടിയുള്ള ദേശീയ കമ്മീഷന് ഭരണഘടനാ പദവി നൽകുന്ന ഭരണഘടനാ ഭേദഗതി നിയമം, ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ദളിതർക്ക് പട്ടികജാതി പദവി നൽകുന്ന നിയമം, 1989ലെ പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് എതിരായ അതിക്രമങ്ങൾ തടയുന്ന നിയമം, അതിൽ 2015 ൽ കൊണ്ടുവന്ന ഭേദഗതികൾ, തോട്ടിപ്പണിയിലേർപ്പെട്ടവവരുടെ ക്ഷേമത്തിനു വേണ്ടിയുള്ള നിയമം,ഭേദഗതികൾ എന്നിവ യാഥാർത്ഥ്യമാക്കാനും കൃഷ്‌ണൻ പ്രയത്‌നിച്ചു. പട്ടികജാതിക്കാർക്കുവേണ്ടിയുള്ള സസ്‌പെൻഷൻ കോമ്പോണന്റ് പ്ലാൻ (1978), സംസ്ഥാനങ്ങളിൽ പട്ടികജാതി വിഭാഗങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രസഹായം, പട്ടികജാതി കോർപറേഷനുകൾ രൂപീകരിക്കാനും നടപ്പിലാക്കാനുമുള്ള കേന്ദ്ര സഹായം എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്. പട്ടികജാതി, പട്ടികവർഗ, ഇതര പിന്നാക്ക വിഭാഗങ്ങളിലെ അർഹരായവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നൽകുന്നത് സംബന്ധിച്ച നിയമം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ അതിനെ പ്രതിരോധിക്കാൻ 2006 ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ സഹായം തേടി. ആശുപത്രിയിലാകും മുമ്പുവരെ യാത്രകളും പരിപാടികളുമായി സജീവമായിരുന്നു.