shive-sena

മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരി. എറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി സർക്കാർ രൂപീകരിക്കാനില്ലെന്ന് ഗവർണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. നാളെ വൈകിട്ട് ഏഴര വരെയാണ് ശിവസേനയ്ക്ക് ഗവർണർ സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം ശിവസേനയിൽനിന്ന് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പാർട്ടി തലവന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയകാര്യം ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി.

എന്നാൽ എൻ.ഡി.എ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചർച്ചയില്ലെന്ന് എൻ.സി.പി വ്യക്തമാക്കി. കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും എൻ.സി.പി ആവശ്യപ്പെട്ടു. രാജിക്ക് തയ്യറാണന്ന് ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് അറിയിച്ചു. മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ തങ്ങൾക്ക് കേവല ഭൂരിപക്ഷം ഇല്ലെന്ന് ഗവർണറെ ബി.ജെ.പി നേരത്തെ അറിയിച്ചിരുന്നു.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിൽ വിളിച്ചുചേർത്ത ബി.ജെ.പി കോർ കമ്മിറ്റിക്ക് ശേഷമാണ് ഫഡ്‌നാവിസ് ഇക്കാര്യം മഹാരാഷ്ട്ര ഗവർണറായ ഭഗത് സിംഗ് കോശ്യരിയെ അറിയിച്ചത്. സർക്കാർ രൂപീകരിക്കാൻ ഉള്ള സാഹചര്യം ഉണ്ടോ എന്ന് ആരാഞ്ഞുകൊണ്ട് ഗവർണർ ക്ഷണിച്ചതനുസരിച്ചാണ് ബി.ജെ.പി കോർ കമ്മിറ്റി യോഗം വിളിച്ചുചേർത്തത്. ബി.ജെ.പിയിലെ പ്രധാനപ്പെട്ട നേതാക്കളോടൊപ്പം വീഡിയോ കോൺഫറൻസിംഗിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി ചർച്ചയിൽ പങ്കെടുത്തിരുന്നു.