divya-gopinath

നടൻ അലൻസിയർ ലേയ്‌ക്കെതിരെ മീടൂ ആരോപണം നടത്തിയത് മൂലം വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട നടിയാണ് ദിവ്യ ഗോപിനാഥ്. തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞത് കൊണ്ടുമാത്രം കിട്ടേണ്ടിയിരുന്ന അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ദിവ്യക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തുന്ന 'തുറമുഖം', കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അഞ്ചാം പാതിര'യുമാണ് ദിവ്യയുടെ അടുത്ത ചിത്രങ്ങൾ.

നടനെതിരെ ആരോപണം ഉയർത്തിയതുകൊണ്ട് മാത്രം താൻ അവഗണിക്കപ്പെടുമെന്നും അനാവശ്യമായി ആരോപണം ഉയർത്തുന്നവളെന്ന അപഖ്യാതി നേടുമെന്നും താൻ ഭയപ്പെട്ടിരുന്ന കാലത്തെക്കുറിച്ചും ദിവ്യ ഗോപിനാഥ് ഓർമിച്ചെടുക്കുന്നു. എന്നാൽ മിഥുനിന്റെ ചിത്രത്തിലേക്ക് ക്ഷണം വന്നത് മുതലാണ് തന്റെ ഇത്തരത്തിലുള്ള ആശങ്കകൾ തന്നെ വിട്ട് പോയതെന്നും നടി ഓർക്കുന്നു. ചിത്രത്തിന്റെ നിർമാതാവായ ആഷിഖ് ഉസ്മാനാണ് ദിവ്യയുടെ പേര് മിഥുനിന് സജസ്റ്റ് ചെയ്തത്. തുടർന്ന് എന്തുകൊണ്ട് തന്നെ തിരഞ്ഞെടുത്തു എന്ന് ദിവ്യ ആഷിഖിനോട് ചോദിച്ചപ്പോൾ ഉത്തരം ഇങ്ങനെയായിരുന്നു.

'എനിക്ക് നിങ്ങളെ കുറിച്ച് യാതൊന്നും അറിയില്ല. പക്ഷെ നിങ്ങൾ നേരിടേണ്ടി വന്ന കാര്യങ്ങളെ കുറിച്ച് മറ്റുള്ളവർ പറഞ്ഞും പത്രങ്ങളിലൂടെ വായിച്ചും, ഞാൻ മനസിലാക്കിയിരുന്നു. മാറ്റങ്ങൾ കൊണ്ടുവരാൻ നിങ്ങളെ പോലുള്ള ബോൾഡായ സ്ത്രീകൾ മുൻപോട്ട് വരണം. അങ്ങനെയാണ് എനിക്ക് തോന്നിയത്.' സിനിമയുടെ നിർമാതാവ് തന്നോട് പറഞ്ഞ ആ വാക്കുകൾ തനിക്ക് നൽകിയ ആത്മവിശ്വാസം ഒട്ടും ചെറുതായിരുന്നില്ല എന്ന് ദിവ്യ പറയുന്നു. സിനിമാരംഗത്തുള്ള മിക്കവരും തന്നെ ഇപ്പോൾ ഏറെ ബഹുമാനത്തോടെ, ഒരു അന്തസുള്ള മനുഷ്യജീവിയായി തന്നെ പരിഗണിക്കുന്നു എന്നും നടി അഭിമാനത്തോടെ പറയുന്നു.

എന്നാൽ, അലൻസിയർക്കെതിരെ പ്രതികരിക്കേണ്ടിയിരുന്നില്ല എന്നും തനിക്ക് ഒരു സമയത്ത് തോന്നിയിരുന്നതായി ദിവ്യ പറയുന്നു. തന്റെ ജീവിതവും കരിയറും ഈ തുറന്നുപറച്ചിലിന്റെ പേരിൽ അടിയറ വയ്‌ക്കേണ്ടി വരുമോ എന്നായിരുന്നു അന്ന് ദിവ്യ ചിന്തിച്ചത്. അലസിയറുമായി വീണ്ടും അഭിനയിക്കേണ്ടി വരുമെന്ന ഒരു സാഹചര്യം വന്നപ്പോൾ താനൊന്നു മടിച്ചുവെന്നും എന്നാൽ സ്വയം ഒരു പ്രൊഫഷണലായി കണ്ടപ്പോൾ അതൊരു പ്രശ്നമേ ആയില്ലെന്നും ദിവ്യ ഗോപിനാഥ് പറയുന്നു. മിഥുൻ മാനുവലിന്റെ പുതിയ ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ദിവ്യ കൈകാര്യം ചെയ്യുന്നത്.