പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ
മാവേലിക്കര: റേഡിയോ ജോക്കി രാജേഷ് വധക്കേസ്, കുറത്തികാട് പ്രവീൺ വധക്കേസ് എന്നിവയിലെ പ്രതിയും ഗുണ്ടാ നേതാവുമായ കൃഷ്ണപുരം ദേശത്തിനകം കളത്തിൽ വീട്ടിൽ അപ്പുണ്ണിയെ (34) പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാൻ സഹായിച്ച സംഘം പിടിയിൽ. കായംകുളം എരുവ കോട്ടയിൽ ഷിനു എന്ന ഫിറോസ്ഖാൻ (29), പള്ളിക്കൽ മഞ്ഞാടിത്തറ ബിസ്മിനാ മൻസിലിൽ അച്ചു എന്ന ബുനാഷ്ഖാൻ (26), തൊടുപുഴ പടിഞ്ഞാറെ വീട്ടിൽ നിന്നു നൂറനാട് ഇടക്കുന്നം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പോത്ത് രാജീവ് എന്ന രാജീവൻ (37), ഭരണിക്കാവ് കൊട്ടയ്ക്കാട്ട് കിഴക്കതിൽ അഖിലേഷ് (20), ഭരണിക്കാവ് കുഴിക്കാല തെക്കതിൽ വിവേക് (20) എന്നിവരെയാണ് മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പിടികൂടിയ അപ്പുണ്ണിയെ ചോദ്യം ചെയ്തതോടെയാണ് പ്രതികളെക്കുറിച്ചുള്ള പൂർണ്ണവിവരം പൊലീസിന് ലഭിച്ചത്.
തിരുവനന്തപുരത്തു നിന്ന് മാവേലിക്കര സബ് ജയിലിലേക്ക്
അപ്പുണ്ണിയുമായി എത്തിയ പൊലീസ് സംഘത്തെ ബൈക്കിൽ പിന്തുടർന്നു വന്ന യുവാവ് കായംകുളത്തും ഓച്ചിറയിലുമുളള ഗുണ്ടാ നേതാക്കളെ ബന്ധപ്പെടുകയും തുടർന്ന് മാവേലിക്കരയിൽ വന്ന് ഹോട്ടലിനു സമീപത്തു നിന്ന് പൊലീസിനെ വെട്ടിച്ച് അപ്പുണ്ണിയെ കയറ്റിക്കൊണ്ട് പോകുകയുമായിരുന്നു. രക്ഷപ്പെട്ട ശേഷം ഇയാൾ പള്ളിക്കലുള്ള ബുനാഷ്ഖാന്റെ വീട്ടിൽ വന്ന് വസ്ത്രം മാറി സുഹൃത്തായ അഖിലേഷിന്റെ വീട്ടിലെത്തി. ഇവിടെ രണ്ടു ദിവസം പ്രതികൾ താമസിച്ചു. തുടർന്ന് ബുനാഷ്ഖാന്റെ കാറിൽ നൂറനാട്ടെത്തി പോത്ത് രാജീവിന്റെ പക്കൽ നിന്നു സിം കാർഡ് വാങ്ങി. അവിടെ നിന്ന് പ്രതികൾ കായംകുളത്തുള്ള ഗുണ്ടാനേതാവ് ഷിനുവിനെ ബന്ധപ്പെട്ട് കാറിൽ കായംകുളത്ത് എത്തി പണം വാങ്ങി. തുടർന്ന് തിരികെ അഖിലേഷിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം വിവേകും ജുബിനും കൂടി ചാരുംമൂട്ടിലുള്ള പെട്രോൾ പമ്പിൽ നിന്നു നാല് കുപ്പി പെട്രോൾ വാങ്ങി. മറ്റൊരു ഗുണ്ടാ നേതാവിന്റെ വീടും വാഹനങ്ങളും കത്തിക്കാനുള്ള ക്വട്ടേഷന്റെ ഭാഗമായാണ് പെട്രോൾ വാങ്ങിയത്. ഇതേപ്പറ്റി പൊലീസ് അന്വേഷിക്കുകയാണ്. പുലർച്ചയോടെ ബുനാഷ്ഖാന്റെ കാറിൽ അപ്പുണ്ണിയെ കരുവാറ്റയിൽ എത്തിച്ചു. പിന്നാലെ മറ്റൊരു പ്രതി ജുബിനെ അഖിലേഷ് ബൈക്കിൽ കരുവാറ്റയിൽ എത്തിച്ചു. തുടർന്ന് ജുബിന്റെ ബൈക്കിൽ കയറി അപ്പുണ്ണി എറണാകുളത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
ഫിറോസ്ഖാനെ കായംകുളത്തെ ഒരു കടയിൽ നിന്നും രാജീവനെ നൂറനാട്ടെ വീട്ടിൽ നിന്നും അഖിലേഷ്, വിവേക് എന്നിവരെ ഭരണിക്കാവിലെ വീടുകളിൽ നിന്നുമാണ് പിടികൂടിയത്. ബുനാഷ്ഖാനെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസ് സംഘത്തെ വെട്ടിച്ച് ഓടിയെങ്കിലും പിന്തുടർന്ന് സമീപത്തെ ഒരു വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. ഫിറോസ്ഖാൻ നിരവധി വധശ്രമക്കേസുകളിലെ പ്രതിയും ക്വട്ടേഷൻ നേതാവും ബ്ലേഡ് മാഫിയയിലെ കണ്ണിയുമാണ്. ബുനാഷ്ഖാൻ രണ്ടു തവണ ഗുണ്ടാ ആക്ടിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മാവേലിക്കര സി.ഐ പി.ശ്രീകുമാറിനോടൊപ്പം, എസ്.ഐ എസ്.പ്രദീപ്, എ.എസ്.ഐ ഡി. രാജേഷ് കുമാർ, സി.പി.ഒമാരായ ജി. ഉണ്ണിക്കൃഷ്ണപിള്ള, അരുൺ ഭാസ്‌കർ, ഗിരീഷ് ലാൽ, എസ്. ശ്രീനാഥ്, എം.എ. ദിലീപ്, ജി. ഗോപകുമാർ, മധു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.