നാഗ്പൂർ: മൂന്നാം ട്വന്റി 20 മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യക്ക് പരമ്പര. മൂന്ന് മത്സരത്തിൽ രണ്ടെണ്ണത്തിൽ ഇന്ത്യ വിജയിച്ചു. ഇന്ത്യ ഉയർത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് നാല് പന്തുകൾ ബാക്കിനിൽക്കെ 144 റൺസിന് പുറത്തായി. മുഹമ്മദ് നയീം, മുഹമ്മദ് മിഥുൻ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ബംഗ്ലാദേശ് നിരയില്‍ തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി ദീപക് ചാഹര്‍ 3.2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ എടുത്തു. ആറു വിക്കറ്റു വീഴ്ത്തിയ ദീപക് ചാഹറാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയിരുന്നത്. ഇന്ത്യയ്ക്കായി കെ.എൽ. രാഹുലും ശ്രേയസ് അയ്യരും അർദ്ധ സെഞ്ചുറികൾ നേടി. 35 പന്തുകളില്‍ നിന്ന് 52 റൺസ് എടുത്താണ് കെ.എൽ. രാഹുൽ പുറത്തായത്. ശ്രേയസ് അയ്യര്‍ 35 പന്തിൽ 52 റൺസ് നേടി. ഋഷഭ് പന്ത് ആറ് റൺസ് നേടി പുറത്തായി. മനീഷ് പാണ്ഡ്യ ( 13 പന്തില്‍ 23), ശിവം ദുബെ ( 8 പന്തിൽ 9 ) എന്നിവര്‍ പുറത്താകാതെ നിന്നു.