ചെന്നൈ: ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന ടി.എൻ ശേഷൻ അന്തരിച്ചു. 86 വയസായിരുന്നു. അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വസതിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. ദീർഘ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന അധിക ചിലവിനും അഴിമതിക്കും ജനങ്ങളെ കാരണമില്ലാതെ ഉപദ്രവിക്കുന്നതിനും എതിരെ മലയാളി കൂടിയായ ടി.എൻ ശേഷൻ സ്വീകരിച്ചിരുന്ന നിലപാടുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1990ലാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്. 1996 വരെ ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. തിരഞ്ഞെടുപ്പുകൾ അഴിമതി രഹിതമാക്കിയതിന് പുറമെ ദേശീയ അവെയർനെസ് ക്യാംപെയിനും ടി.എൻ ശേഷൻ സംഘടിപ്പിച്ചതും വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
തന്റെ പല പ്രവർത്തനങ്ങളിലൂടെയും നിലപാടുകളിലൂടെയും ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല എന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ടി.എൻ ശേഷന് കഴിഞ്ഞിരുന്നു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, സ്ഥാനാർത്ഥികളുടെ വരുമാന വിവരം വെളിപ്പെടുത്തുക എന്നിങ്ങനെ നിരവധി വിപ്ലവാത്മകമായ മാറ്റങ്ങൾ ശേഷൻ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കൊണ്ടുവന്നിരുന്നു. 1932ൽ പാലക്കാട് ജില്ലയിലെ തിരുന്നെല്ലായിലായിരുന്നു ജനനം. ബേസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1955 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. ഐ.എ.എസ് ലഭിച്ച ശേഷം ഫെല്ലോഷിപ്പ് നേടി ഹാർവാർഡ് സർവകലാശാലയിലും അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്നു.