തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ ഏറ്റവും തലയെടുപ്പുണ്ടായിരുന്ന സെൻട്രൽ സ്റ്റേഡിയം അധികൃതരുടെ അനാസ്ഥകാരണം നാശത്തിന്റെ പടുകുഴിയിലാണ്. ഒരുകാലത്ത് നിരവധി പ്രതിഭകളുടെ പരിശീലനക്കളരിയായിരുന്ന ഇൗ സ്റ്റേഡിയത്തിലെ കുണ്ടും കുഴിയും ചെളിയും പൊട്ടിപ്പൊളിഞ്ഞ ഒാടകളും മാർക്ക് ചെയ്‌തിട്ട് കാലങ്ങളായ കളിമൺ ട്രാക്കുമൊക്കെ ഇപ്പോൾ കായികതാരങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത് പരിക്കുകൾമാത്രം. സ്റ്റേഡിയം കാലിമേയാൻ മാത്രം കൊള്ളാവുന്ന പരുവത്തിലേക്ക് മാറിയെങ്കിലും വാടക വാങ്ങി കായികമത്സരങ്ങൾക്കും മറ്റ് കലാപരിപാടികൾക്കുമൊക്കെ വിട്ടുകൊടുക്കാൻ മാത്രമാണ് മേൽനോട്ടക്കാരായ സംസ്ഥാന സ്പോർട്സ് കൗൺസിലിന് ഉത്സാഹം. പരിപാലനത്തിൽ സർക്കാരിനും താത്പര്യമില്ല. 2015ൽ കേരളം ദേശീയ ഗെയിംസിന് വേദിയായപ്പോഴും സെൻട്രൽ സ്റ്റേഡിയത്തിന് ബസ് പാർക്കിംഗും സ്റ്റാളുകളുമായിരുന്നു വിധിച്ചത്. താരതമ്യേന വലിപ്പം കുറഞ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ മിക്ക സമയത്തും വിവിധ കളികളാണ് നടക്കുന്നത്. ക്രിക്കറ്റ് കളി അവസാനിച്ചാലുടൻ ഫുട്‌ബോൾ കളി തുടങ്ങും. ഒരുവശത്ത് ക്രിക്കറ്റ് നെറ്റ്പ്രാക്ടീസ്. ഇതിനിടയിൽ അത്‌ലറ്റിക്‌സും. ഇൻഡോറിൽ സ്കേറ്റിംഗും ഗുസ്തിയും കളരിയും ബാസ്‌കറ്റ് ബാളുമൊക്കെ നടക്കും. ദിവസേന നൂറുകണക്കിന് കായിക താരങ്ങളാണ് സ്റ്റേഡിയത്തെ ആശ്രയിക്കുന്നത്. സ്വാതന്ത്ര്യദിന പരേഡും, മറ്റ് സർക്കാർ പ്രവർത്തനങ്ങളുമെല്ലാം സ്റ്റേഡിയത്തിൽ നടക്കാറുണ്ട്. വാർഷിക ഓണം ഉത്സവത്തിന്റെ പ്രധാന വേദി കൂടിയാണ് സെൻട്രൽ സ്റ്റേഡിയം.
ഇങ്ങനെയായതിനാൽ ഫുട്‌ബോളിന്റെ ഗോൾപോസ്റ്റ് സ്ഥിരമായി ഇവിടെ ഉറപ്പിച്ചു നിറുത്താറില്ല. നട്ടും ബോൾട്ടും ഉപയോഗിച്ച് ഘടിപ്പിക്കുന്ന ഗോൾപോസ്റ്റ് കളിക്ക് ശേഷം ഇളക്കിമാറ്റുകയാണ് ചെയ്യാറുള്ളത്. ഇന്നലെ ഇങ്ങനെ ഗോൾപോസ്റ്റ് സ്ഥാപിച്ചെങ്കിലും കൃത്യമായി ഉറപ്പിച്ചിരുന്നില്ല. എന്നുമാത്രമല്ല, കളി കഴിഞ്ഞ ശേഷം സ്റ്റേഡിയത്തിലെ ജീവനക്കാർ ഇത് ഇളക്കിമാറ്റാനും തയ്യാറായില്ല.
ഇന്നലെ രണ്ടുകുട്ടികൾക്ക് ഗോൾപോസ്റ്റ് വീണു പരിക്കേൽക്കാൻ കാരണമായതിന് പിന്നിൽ സ്റ്റേഡിയത്തിലെ ജീവനക്കാരുടെ അനാസ്ഥയാണെന്ന് കായികതാരങ്ങൾ പറയുന്നു. മുതിർന്നവരുടെ ഫുട്‌ബോൾ കളിക്കുശേഷം ജീവനക്കാർ എടുത്തുമാറ്റേണ്ട ഗോൾപോസ്റ്റ് അവിടെതന്നെ ഉണ്ടായിരുന്നു. ശരിയായി ഉറപ്പിച്ചിട്ടുള്ള പോസ്റ്റാണെന്ന് കരുതിയ കുട്ടികൾ അതിനടുത്ത് അവർ ഉപയോഗിക്കുന്ന ചെറിയ ഗോൾപോസ്റ്റ് കൊണ്ടുവയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഏറെ കനമുള്ള വലിയ ഗോൾപോസ്റ്റ് കുട്ടികളുടെ ശരീരത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. സ്റ്റേഡിയത്തിന്റെ ട്രാക്കിന് ചുറ്റുമുള്ള ഓട തകർന്നിട്ട് മാസങ്ങളായി. ഇതു പരിഹരിക്കാനും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. രണ്ടുദിവസം നടന്ന കായിക മേളയ്‌ക്കിടെ രണ്ടുകുട്ടികൾക്ക് ഓടയിൽ കാൽകുരുങ്ങി പരിക്കേറ്റിരുന്നു.
പ്രശ്‌നങ്ങൾക്ക് കാരണം
----------------------------------------------
ജീവനക്കാരുടെ അനാസ്ഥ
സർക്കാരിന്റെ അവഗണന
നവീകരണം പാതിവഴിയിൽ