റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഹെല്ലാസ് വെറോണയെ 2-1 ന് കീഴടക്കി ഇന്റർ മിലാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ആദ്യ പകുതിയിൽ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയിരുന്ന വെറോണയെ 65-ാം മിനിട്ടിൽ ബഷീനോയും 83-ാം മിനിട്ടിൽ ബറേല്ലയും നേടിയ ഗോളുകൾക്കാണ് ഇന്റർ കീഴടക്കിയത്. ഈ വിജയത്തോടെ ഇന്ററിന് 12 മത്സരങ്ങളിൽ നിന്ന് 31 പോയിന്റായി. 11കളികളിൽ നിന്ന് 29 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ യുവന്റ്സാണ് രണ്ടാമത്.
സന്തോഷ്ട്രോഫി :
തെലുങ്കാനയ്ക്ക് ജയം
കോഴിക്കോട് : സന്തോഷ്ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ബി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തെലങ്കാനക്ക് ജയം. പോണ്ടിച്ചേരിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തെലങ്കാന പരാജയപ്പെടുത്തിയത്. ഏഴാംമിനിട്ടിൽ മനുപ്രസാദും 39ാം മിനിട്ടിൽ സുജയും 81ാം മിനിട്ടിൽ മുഹമ്മദ് അലിയും ഗോൾ സ്കോർ ചെയ്തു. ഈ ഗ്രൂപ്പിൽ കർണാടക നേരത്തെ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ജനുവരിയിൽ മിസോറമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ.
ബംഗളൂരുവിന്ആദ്യ ജയം
ബംഗളൂരു : ചെന്നൈയിൻ എഫ്.സിക്കെതിരെ ഇന്നലെ നടന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ ബംഗളൂരു എഫ്.സി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്വിജയിച്ചു. 14-ാം മിനിട്ടിൽ എറിക് പാർത്താലുവും 25-ാം മിനിട്ടിൽ ക്യാപ്ടൻ സുനിൽ ഛെത്രിയും 84-ാം മിനിട്ടിൽ ഹാക്കിപ്പുമാണ്മാണ് നിലവിലെ ചാമ്പ്യൻമാർക്ക് വേണ്ടി സ്കോർ ചെയ്തത്. ബംഗളൂരു എഫ്.സിയുടെ സീസണിലെ ആദ്യ ജയമാണിത്.