ന്യൂഡൽഹി: ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീം പുരുഷ വനിതാ ടീമുകളെ തിരഞ്ഞെടുക്കാൻ ഡിസംബർ ഒടുവിൽ സെലക്ഷൻ ട്രയൽസ് നടത്തുമെന്ന് ബോക്സിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അറിയിച്ചു. ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തിയവരെ മാത്രമാണ് ട്രയൽസിൽ നിന്ന് ഒഴിവാക്കുക. ഇതോടെ ഇതിഹാസതാരം എം.സി. മേരികോമിനും ട്രയൽസിന് ഇറങ്ങേണ്ടിവരും. നേരത്തേ മേരികോമിന് ട്രയൽസ് കൂടാതെ ചൈനയിലെ ടൂർണമെന്റിന് വിടാൻ ആലോചിച്ചിരുന്നു. എന്നാൽ മേരി കോമിന്റെ 51 കി.ഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന യുവതാരം നിഖാത് സരിൻ ഇതിനെതിരെ കേന്ദ്ര കായിക മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.