shivsena

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ ശിവസേന പ്രതിനിധിയായ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രി അരവിന്ദ് സാവന്ത് രാജിവച്ചേക്കും. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കെയാണ് രാജി. ബി.ജെ.പിയുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിക്കാനാണ് ശിവസേനയുടെ തീരുമാനമെന്ന് റിപ്പോർട്ട് ഉണ്ട്.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ശിവസേന ഇന്ന് ഗവർണറെ കാണും. പ്രതിപക്ഷ കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാകാത്തതിനാൽ കേവലഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന് ശിവസേന ഗവർണറോട് അഭ്യർത്ഥിക്കും.

288 അംഗ നിയമസഭയിൽ 56 അംഗങ്ങൾ മാത്രമുള്ള ശിവസേന, എൻ.സി.പിയെ ഒപ്പം കൂട്ടി കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ചരടുവലി മുറുക്കി. സേനാ മേധാവി ഉദ്ധവ് താക്കറെ ഇന്നലെ രാത്രി എൻ.സി.പി നേതാവ് ശരദ് പവാറുമായി ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ശിവസേനയും സഖ്യമായി മത്സരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള ചർച്ചകളിൽ പരസ്പരം ഇടയുകയായിരുന്നു. ഇതേത്തുടർന്നാണ്, ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സർക്കാർ രൂപീകരണത്തിന് ഗവർണർ ക്ഷണിച്ചത്. എന്നാൽ, പാർട്ടിക്ക് കേവലഭൂരിപക്ഷമില്ലെന്ന് ഗവർണർ ഭഗത്‌സിംഗ് കോഷിയാരിയെ ബി.ജെ.പി ഇന്നലെ അറിയിക്കുകയായിരുന്നു. കാവൽ മുഖ്യമന്ത്രിയായി തുടരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിൽ രണ്ടു തവണ ചേർന്ന കോർ കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു ബി.ജെ.പിയുടെ നാടകീയ നീക്കം.

അതേസമയം, മഹാരാഷ്ട്രയിലെ ജനങ്ങൾ ബി.ജെ.പി- ശിവസേന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നൽകിയതാണെന്നും സർക്കാർ രൂപീകരിക്കാതെ ശിവസേന ജനവിധിയെ അവഹേളിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ കഴിഞ്ഞദിവസം കുറ്റപ്പെടുത്തി. കേവലഭൂരിപക്ഷത്തിന് 145 പേരുടെ അംഗബലം വേണമെന്നിരിക്കെ, ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ല. എൻ.സി.പി, കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശിവസേന ആഗ്രഹിക്കുകയാണെങ്കിൽ ആശംസകൾ നേരുന്നതായും പാട്ടീൽ പറഞ്ഞു.