ന്യൂഡൽഹി: അയോദ്ധ്യ ക്ഷേത്ര നിർമാണ ട്രസ്‌റ്റ് രൂപീകരണം ഉടൻ നടക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ട്രസ്റ്റ് രൂപീകരണ യോഗം ഒരാഴ്ചയ്ക്കുള്ളിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എട്ട് അംഗ ട്രസ്‌റ്റാകും നിലവിൽ വരിക. സുപ്രീംകോടതി നിർദ്ദേശപ്രകാരം അയോദ്ധ്യയിലെ ചില പ്രദേശങ്ങൾ ഏറ്റെടുത്തുള്ള 1993ലെ നിയമത്തിലെ 6, 7 വകുപ്പുകൾ പ്രകാരമുള്ള അധികാരമുപയോഗിച്ച് ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനമുണ്ടാക്കാനാണ് നിർദ്ദേശം.
ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ട്രസ്‌റ്റാണ് കേന്ദ്രത്തിനു മുന്നിലെ പ്രധാന മാതൃക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നാല് വീതം പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഈ ട്രസ്റ്റ്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എൽ.കെ.അദ്ധ്വാനി തുടങ്ങിയവർ ട്രസ്റ്റ് ബോർഡിൽ അംഗങ്ങളാണ്. അയോദ്ധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന് ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത് നൽകണമെന്നുമാണ് സുപ്രീം കോടതിയുടെ ചരിത്രവിധി. വഖഫ് ബോർഡിനു നൽകാൻ നിർദേശിച്ച അഞ്ച് ഏക്കർ ഭൂമി, നിലവിൽ കേന്ദ്ര സർക്കാരിന്റെ കൈവശമുള്ളതിൽനിന്നു തന്നെ കൊടുക്കുന്നതിൽ തടസമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അയോദ്ധ്യയിൽതന്നെ പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ചേക്കർ ഭൂമിയാണ് സുന്നി വഖഫ് ബോർഡിന് നൽകേണ്ടത്. ഈ ഭൂമിയിൽ ആരാധനാലയം നിർമിക്കാം. ഭൂമി സംസ്‌ഥാന സർക്കാരോ കേന്ദ്രമോ ഏറ്റെടുത്ത് നൽകണം. ബാബ്‌റി മസ്‌ജിദ് നിലനിന്ന 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ചുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലായിരുന്നു സുപ്രീംകോടതിയുടെ വിധി. തർക്കഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് മൂന്ന്‌മാസത്തിനുള്ളിൽ കേന്ദ്രസർക്കാർ ട്രസ്‌റ്റ് രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതിൽ നിർമോഹി അഖാഡയ്‌ക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണം. ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് കോടതിവിധി നിലനിൽക്കുന്നതല്ലെന്നും ചീഫ്‌ജസ്‌റ്റിസ് അദ്ധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ചീഫ്‌ജസ്‌റ്റിസ് രഞ്‌ജൻ ഗൊഗോയ്‌ക്കുപുറമേ ജസ്‌റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. ഏകകണ്‌ഠമായ വിധിയാണ് പ്രസ്‌താവിച്ചത്.