ആലപ്പുഴ: കുളത്തിൽ മുങ്ങിമരിക്കാൻ പോകുകയായിരുന്ന പിഞ്ചുകുഞ്ഞിനെ രക്ഷപെടുത്തി യുവാക്കൾ. ആലപ്പുഴയിലെ മുഹമ്മയിൽ ഞായറാഴ്ച ഉച്ച സമയത്താണ് സംഭവം നടന്നത്. വീട്ടിൽ തന്റെ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടുവയസുകാരി സഫിന ഫാത്തിമ. തുടർന്ന് പെൺകുഞ്ഞ് വഴുതി അടുത്തുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ഇതേസമയം കുളത്തിൽ മീൻ പിടിക്കാനായി എത്തിയ സുനിൽ, ബാലു എന്നിവർ കുളത്തിൽ എന്തോ അനങ്ങുന്നത് കണ്ടു. ആദ്യം ഇവർ കരുതിയത് ഇത് മീനാണെന്നാണ്. എന്നാൽ സൂക്ഷിച്ചുനോക്കിയപ്പോഴാണ് കുഞ്ഞിന്റെ കൈയാണ് തങ്ങൾ കണ്ടതെന്ന് ഇവർ മനസിലാക്കുന്നത്.
തുടർന്ന് ഒട്ടും താമസിക്കാതെ ഇവർ കുളത്തിന്റെ വേലി പൊളിച്ച് അതിലേക്ക് എടുത്തുചാടി സഫിനയെ രക്ഷപ്പെടുത്തുകയായിരുന്നു. മണ്ണഞ്ചേരി കാവുങ്കൽ രണ്ടാം വാർഡ് വടക്കേ തൈയിൽ നിഷാദിന്റെയും ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സൗമിലയുടെയും മകളാണ് സഫിന ഫാത്തിമ. കാവുങ്കലിൽ താമസിക്കുന്ന ചെറുകോട് വീട്ടിൽ ബാലുവും അനന്തരവനായ എസ്. സുനിലും ചേർന്നാണ് മുങ്ങിത്താഴാൻ പോകുകയായിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തിയെടുത്തത്. മുഹമ്മ ആര്യക്കര ഭഗവതിവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സുനിൽ.