ishaan-surya

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളാണ് ഇഷാനും സൂര്യയും. സ്വന്തം കുഞ്ഞിനെ താലോലിക്കുന്നതാണ് ഇന്ന് തിരുവനന്തപുരം കിള്ളിപ്പാലത്തെ വീട്ടിലിരുന്ന് അവർ സ്വപ്നം കാണുന്നത്. ആ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നൽകണമെന്ന ഉറച്ച തീരുമാനത്തിലാണ് ഈ ദമ്പതികൾ.

വൈദ്യശാസ്ത്രത്തിന്റെയും ഈശ്വരന്റെയും പിന്തുണയുണ്ടെങ്കിൽ ആ സ്വപ്നം അധികം വൈകാതെ സാക്ഷാത്കരിക്കും.ഇപ്പോഴിതാ ആണായി മാറിയിട്ടും തനിക്ക് ഗർഭം ധരിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്നും എന്നാൽ അങ്ങനെ ചെയ്യാതിരിക്കാനുള്ള കാരണവും ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാൻ.

'ഈ ലോകം മാറി ചിന്തിക്കുന്നിടത്താണ് ഞങ്ങളുടെ സ്വപ്നങ്ങൾ പൂവണിയുന്നത്. എനിക്ക് ഗർഭം ധരിക്കാനുള്ള സാധ്യത മുമ്പുണ്ടായിരുന്നു. എന്നാൽ ആണായി മാറിയിട്ടും ഞാൻ അതിന് തുനിഞ്ഞാൽ സമൂഹത്തിന് ഞങ്ങളോടുള്ള അവഗണന പിന്നെയും കൂടുകയേയുള്ളു. എന്നെ ശിഖണ്ഡിയെന്നും ഇവളെ ഹിജഡ എന്നും വിളിക്കുന്ന സമൂഹത്തിനിടയിൽ ഞാനത് എങ്ങനെയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവർ പൂർവാധികം ശക്തിയോടെ വീണ്ടും രംഗത്തിറങ്ങും'-ഇഷാൻ പറഞ്ഞു.

ഞങ്ങളും മനുഷ്യരാണ് നിങ്ങളെപ്പോലെ ഈ ഭൂമിയിൽ പിറന്നവർ എന്നുമാത്രമാണ് ഈ ദമ്പതികൾ തങ്ങളെ പരിഹസിക്കുന്നവരോട് പറയാനുള്ളത്. വിവാഹം കഴിഞ്ഞ് ഒരു വർഷമായെന്നും ഭർത്താവ് എന്ന നിലയിൽ ഇഷാൻ എല്ലാ രീതിയിലുമുള്ള പിന്തുണ നൽകുന്നുണ്ടെന്നും സൂര്യ പറയുന്നു.