കൊച്ചി : മലയാളിക്ക് വിവാഹമെന്നാൽ ആഢംബരമാണ്, ധനികർ അവരുടെ പെരുമ നാലാളുകൾക്കു മുന്നിൽ മക്കളുടെ കല്യാണത്തിന് വിളമ്പുമ്പോൾ സാധാരണക്കാരൻ കടം വാങ്ങിയും വസ്തു വിറ്റുമെല്ലാം കല്യാണം പൊടിപൊടിപ്പിക്കും. കല്യാണ നടത്തിപ്പുമായി ബന്ധപ്പെട്ട് മാത്രം നിരവധി ബിസിനസ് മേഖലകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവരിൽ പലരും നികുതിയുടെ വലയിൽ പെടാതെ മുങ്ങി നടക്കുന്നവരാണ്.
സ്ത്രീധനം നിയമപരമായി തന്നെ വിലക്കിയിട്ടുണ്ടെങ്കിലും പല പേരുകളിൽ അതിപ്പോഴും തുടർന്നുകൊണ്ടു പോവുകയാണ്. പൊക്കറ്റുമണിയായും, സ്‌നേഹം നിറഞ്ഞ ഗിഫ്റ്റായും സ്ത്രീധനം അറിയപ്പെടുന്നുണ്ട്. നൂറ് പവനിൽ പൊതിഞ്ഞ് വധുവിനെ കതിർമണ്ഡപത്തിലേക്ക് ആനയിക്കണമെന്നാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആഗ്രഹം. നാട്ടുകാരുടെ മുന്നിൽ കുറച്ചിലൊന്നും കാട്ടാതിരിക്കുവാൻ വിവാഹ സദ്യയും കെങ്കേമമാക്കും. കോടികൾ പൊടിപൊടിക്കുന്ന ഇത്തരം വിവാഹ ധൂർത്തിനെ രഹസ്യമായി നിരീക്ഷിക്കുവാൻ തയ്യാറെടുക്കുകയാണ് രാജ്യത്തെ ആദായ നികുതി ഉദ്യോഗസ്ഥർ. കള്ളപ്പണം തടയുന്നതിനായി സ്വർണത്തിലേക്ക് കേന്ദ്രം ശ്രദ്ധ തിരിക്കുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. നിലവിൽ വിവാഹിതയായ സ്ത്രീയ്ക്ക് 62.5 പവൻ സ്വർണാഭരണങ്ങൾ മാത്രമാണ് സൂക്ഷിക്കാനാവുക. എന്നാൽ നൂറ് പവന് മുകളിൽ കല്യാണത്തിന് അണിയുന്ന രീതി കേരളത്തിലെ സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് സ്വർണം പൊതിയുന്ന വിവാഹചടങ്ങുകളെ നിരീക്ഷിക്കാൻ ആദായ വകുപ്പ് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇപ്പോൾ തന്നെ ആഢംബര വിവാഹങ്ങൾ നടക്കുന്ന കൺവെൻഷൻ സെന്ററുകളിൽ നിന്നും ആദായ വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വിവാഹ പാർട്ടിയുടെ വിവരങ്ങളും, പങ്കെടുത്തവരുടെ എണ്ണവും, സദ്യവിളമ്പിയ കാറ്ററിംഗ് യൂണിറ്റിന്റെ പേരുമെല്ലാം ഇത്തരത്തിൽ ശേഖരിക്കുന്നുണ്ട്. ലക്ഷങ്ങളുടെ കരാറെടുത്ത് സദ്യവിളമ്പുന്ന കാറ്ററിംഗ് സ്ഥാപനങ്ങളിൽ പലതും നികുതി അടയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കാറുപോലുമില്ല.