red-185

''ഇനി നിങ്ങൾക്കു പോകാം."

സി.ഐ അലിയാർ കർണാടകക്കാരായ പണിക്കാരോടു പറഞ്ഞു. ''പക്ഷേ മടങ്ങിവരാമെന്നോ വീണ്ടും ഇവിടെ ജോലി ചെയ്യാമെന്നോ മനസ്സിൽ പോലും കരുതരുത്. അങ്ങനെ വന്നാൽ നിങ്ങളുടെ ഒടുക്കവും ഈ മണ്ണിലായിരിക്കും."

പണിക്കാർക്ക് അവിടെനിന്നു രക്ഷപ്പെടണമെന്ന ഒറ്റ വിചാരമേ ഉള്ളായിരുന്നു.

പ്രാണൻ വാരിപ്പിടിച്ചുകൊണ്ട് എന്നവണ്ണം തങ്ങൾക്കു വേണ്ട അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്തുകൊണ്ട് അവർ പോയി.

''സാറേ.. ഇനിയെങ്കിലും എന്റെ ഈ വിലങ്ങൊന്നഴിച്ചുതാ...."

ദേവനേശൻ കരച്ചിലിന്റെ വക്കിലെത്തി.

അലിയാർ പൊലീസുകാരെ നോക്കി കണ്ണുകൊണ്ട് ഒരടയാളം കാട്ടി.

ദേവനേശന്റെ വിലങ്ങ് അഴിക്കപ്പെട്ടു.

കത്തുന്ന കഞ്ചാവിൽനിന്ന് രൂക്ഷഗന്ധത്തോടെ കട്ടി പുക മുകളിലേക്കുയർന്നുകൊണ്ടിരുന്നു...

****

ചുങ്കത്തറ .

ശ്രീനിവാസകിടാവിന്റെ വക്കീലായ ശ്യാംമോഹന്റെ വീട്.

അകത്തെ ഒരു മുറിയിൽ വക്കീലും കിടാക്കന്മാരും ഉണ്ടായിരുന്നു.

ആകെ പരിക്ഷീണരാണ് ഇരുവരുമെന്ന് വക്കീൽ അറിഞ്ഞു.

''മുൻകൂർ ജാമ്യത്തിന് ഞാൻ ശ്രമിച്ചാൽ ആ അലിയാർ എന്നെ ഷാഡോ ചെയ്യുമെന്നും നിങ്ങളെ കണ്ടെത്തുമെന്നും എനിക്കുറപ്പുണ്ട്."

ശ്യാംമോഹൻ പറഞ്ഞു.

അയാളുടെ ഭാര്യ കിടാക്കന്മാർക്ക് ചായ കൊണ്ടുവച്ചിട്ട് ഒന്നും പറയാതെ മുറിവിട്ടു.

തങ്ങൾ ഇവിടെ വന്നത് ആ സ്ത്രീയ്ക്ക് ഇഷ്ടമായില്ലെന്നു കിടാക്കന്മാർക്കു തോന്നി.

പക്ഷേ, സഹിച്ചേ പറ്റൂ.

അത്തരം ഒരു ഗതികേടിലായിപ്പോയി തങ്ങൾ...

''ഞങ്ങൾ ഇപ്പോൾ വന്നത് വക്കീലിനോട് മറ്റൊരു കാര്യം പറയാനാ. ഫോൺ ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാ ഞങ്ങൾ, അറിയാമല്ലോ?"

ശ്രീനിവാസ കിടാവ് കപ്പുയർത്തി ചായ ഒന്നു രുചിച്ചു.

''ഒക്കെ എനി​ക്കറി​യാം." ശ്യാം മോഹൻ തലയാട്ടി.

''ങാ." ബാക്കി പറഞ്ഞത് ശേഖരനാണ്. ''ഇന്നു രാത്രിയാകുന്നതുവരെ ഞങ്ങൾക്ക് ഈ മുറിയിൽ കഴിയാനേ നിവർത്തിയുള്ളു. പിന്നെ എവിടെ കഴിയണമെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്."

ശ്യാംമോഹൻ സമ്മതമാണെന്നോ അല്ലെന്നോ പറഞ്ഞില്ല.

ശേഖർ തുടർന്നു:

''മറ്റൊരത്യാവശ്യ കാര്യം കൂടിയുണ്ട്. കർണാടക ജയിലിൽ കഴിയുന്ന ചന്ദ്രകലയെയും പ്രജീഷിനെയും ജാമ്യത്തിൽ ഇറക്കണം. എത്രയും വേഗം. ഒന്നുകിൽ വക്കീൽ നേരിട്ടു പോകുക. അല്ലെങ്കിൽ അവിടെയുള്ള മിടുക്കന്മാരായ ആരെയെങ്കിലും ആ ദൗത്യം ഏൽപ്പിക്കുക."

''അത് വേണോ?" ശ്യാം മോഹന് സന്ദേഹം.

''വേണം." ശ്രീനിവാസകിടാവ് നിവർന്നിരുന്നു. ''ഞാൻ കള്ളനോട്ടു കൊടുത്തെന്നുള്ളതിനു ഏറ്റവും പ്രധാനപ്പെട്ട സാക്ഷികൾ അവരാണല്ലോ."

''അവരെ ഇറക്കിയിട്ട്?"

ശ്യാം മോഹൻ പകുതിക്കു നിർത്തി.

''നമ്മുടെ കേസ് വിജയിക്കാൻ വേണ്ടി ഞാൻ എന്തും ചെയ്യും." കിടാവിന്റെ ശബ്ദം മുറുകി. ''എന്നെ വേട്ടയാടുന്ന പോലീസിന്റെ മുന്നിലും ഇപ്പോൾ എന്നെ പുച്ഛിക്കുന്ന ജനത്തിനു മുന്നിലും എനിക്കു നിവർന്നു നിൽക്കണം."

''ഞാൻ ചെയ്യാം." വക്കീൽ ഉറപ്പുനൽകി.

''അത് മാത്രം പോരാ..." ശേഖര കിടാവ് പറഞ്ഞു. ''അവരെ വടക്കേ കോവിലകത്ത് എത്തിക്കുകയും വേണം. അതാകുമ്പോൾ അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് കോവിലകത്തെ പ്രേതങ്ങളുടെ അക്കൗണ്ടിൽ കൊള്ളിക്കാം."

അല്പനേരം ചിന്തിച്ചിരുന്നു ശ്യാം മോഹൻ.

''ആ സീരിയൽ നടി സൂസന്റെ മരണത്തിനു പിന്നിൽ ചന്ദ്രകലയും പ്രജീഷുമാണെന്ന് പരുന്ത് റഷീദ് അലിയാർക്കു മൊഴി കൊടുത്തിട്ടുണ്ടല്ലോ. ആ നിലയ്ക്ക് കർണാടക പോലീസുമായി ബന്ധപ്പെട്ട് അവരെ കേരളത്തിൽ എത്തിക്കുവാൻ ശ്രമിക്കില്ലേ അലിയാർ?"

കിടാവ്, കപ്പിൽ അവശേഷിച്ച ചായ അത്രയും ഊതിക്കുടിച്ചു. പിന്നെ ചുണ്ടു തുടച്ചുകൊണ്ട് അറിയിച്ചു.

''തീർച്ചയായും അവൻ അങ്ങനെ ചെയ്യും. അലിയാർ. അതിനു മുമ്പ് അവർക്ക് ബെയിൽ കിട്ടിയിരിക്കണം. അതിനായി ഒരു സിറ്റിംഗിന് കാൽ കോടി വാങ്ങുന്ന സുപ്രീംകോടതി അഡ്വക്കേറ്റ്‌സിനെ കൊണ്ടുവന്നാലും വിരോധമില്ല."

ഒന്നു മൂളിക്കൊണ്ട് ശ്യാം മോഹൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു.

രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞു.

ഡെൽഹിയിൽ നിന്നൊരു വക്കീൽ മൈസൂരു വിമാനത്താവളത്തിൽ പറന്നിറങ്ങി.

അതിന്റെ രണ്ടാം ദിവസം ചന്ദ്രകലയ്ക്കും പ്രജീഷിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.

വിവരം സി.ഐ അലിയാർ അറിഞ്ഞു. താൻ വൈകിപ്പോയി എന്ന് കുറ്റബോധത്തോടെ അലിയാർ ഓർത്തു.

എന്നാലും കിടാക്കന്മാർ എവിടേക്കു പോയി എന്നതായിരുന്നു അലിയാരുടെ ചിന്ത. അവർക്ക് പുതിയ ഒളിത്താവളം എവിടെയാണ്?

പക്ഷേ അലിയാരുടെ മൂക്കിനു കീഴിൽത്തന്നെയുണ്ടായിരുന്നു കിടാക്കന്മാർ!

വടക്കേ കോവിലകത്ത്...!

(തുടരും)