കീർത്തിചക്ര പോലുള്ള സിനിമകളിലൂടെ മലയാളിക്ക് പ്രിയങ്കരനായി തീർന്ന സംവിധായകനാണ് മേജർ രവി. സ്‌തുത്യർഹമായ സൈനിക സേവനത്തിന് ശേഷം അതിൽ നിന്ന് ഏറെ വ്യത്യസ്‌തമായ സിനിമാമേഖലയിലേക്ക് ചുവടെടുത്ത വച്ച മേജർ രവിയ്‌ക്ക് അവിടെയും വിജയം കൊയ്യാൻ കഴിഞ്ഞു. ഇതിനോടകം തന്നെ പത്തിലധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്‌തു. ഇപ്പോഴിതാ ആർമിയും സിനിമയും എന്നപോലെ താൻ ഏറെ ഇഷ്‌ടപ്പെടുന്ന ഒന്നാണ് ഡ്രൈവിംഗ് എന്ന് മേജർ രവി പറയുന്നു.

മാരുതി 800 മുതൽ ബി.എം.ഡബ്ല്യു വരെയുള്ള തന്റെ വാഹനപ്രേമത്തെ കുറിച്ച് കൗമുദി ടിവിയുടെ പ്രത്യേക പരിപാടിയായ ഡ്രീം ഡ്രൈവിലാണ് അദ്ദേഹം മനസു തുറന്നത്. വാഹനത്തെ ഒരുപാട് സ്നേഹിക്കുന്നതു കൊണ്ടുതന്നെ ഒരേയൊരു അപകടം മാത്രമേ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളവെന്നും രവി പറയുന്നു. എന്നാൽ അതും തന്റെ ഭാഗത്തെ തെറ്റായിരുന്നില്ല.

major-ravi

'ഇന്നേവരെ ദൈവം അനുഗ്രഹിച്ചിട്ട് ഒരു ആക്‌സിഡന്റ് എന്റെ കൈയിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ഒരു ആക്‌സിഡന്റ് ഉണ്ടായിട്ടുണ്ട്. അതും എന്റെ തെറ്റല്ലായിരുന്നു. മാരുതി 800ൽ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വരികയാണ്. ഹൈദരാബാദ് എത്തുന്നതിന് മുന്നേ ഒരു സ്ഥലത്ത്, റോഡിൽ പശുക്കളും എരുമകളുമൊക്കെ ക്രോസ് ചെയ്യുന്ന സ്ഥലമെത്തി. വളരെ സ്ളഷ് ചെയ്‌തു കിടക്കുവായിരുന്നു. പെട്ടെന്നറിഞ്ഞപ്പോൾ ചെറുതായിട്ടൊന്ന് ബ്രേക്ക് ചെയ്‌തതാണ്. വണ്ടി സ്‌കിഡ് ചെയ്‌ത് ഒരു മരത്തിന്റെ മുകളിൽ കൂടി കയറി വണ്ടി വളഞ്ഞ് 'റ' പോലെയായി. പക്ഷേ എനിക്കൊന്നും പറ്റിയില്ല. ചെറിയൊരു പോറൽ ഉണ്ടായിരുന്നു. റൈറ്റ് സൈഡിലെ ഗ്ളാസ് പൊടിഞ്ഞു പോയിരുന്നു. പിന്നെ വണ്ടിയൊക്കെ വെട്ടിമുറിച്ച് സ്ട്രെയിറ്റ് ആക്കിയിട്ട് ഞാൻ പട്ടാമ്പിക്ക് തിരിച്ചെത്തി. വണ്ടി മൂന്ന് മാസം വർക്ക് ഷോപ്പിലായിരുന്നു'- മേജർ രവിയുടെ വാക്കുകൾ.