സംസ്ഥാന സർക്കാരിന്റെ നവകേരളമിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയകരമായി തുടർന്നു വരികയാണല്ലോ. ജനകീയ വിദ്യാഭ്യാസത്തിന്റെ ഉത്തമ മാതൃകയായി ഈ പദ്ധതി മാറിയിരിക്കുന്നു. കേരളജനത ഒറ്റക്കെട്ടായി, കക്ഷിരാഷ്ട്രീയത്തിനപ്പുറം, ജനകീയ വിദ്യാഭ്യാസത്തെ നെഞ്ചേറ്റിയിരിക്കുന്നു. മൂന്ന് പ്രധാന ഘടകങ്ങളാണ് ഈ പദ്ധതിയിൽ സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നത്. ഒന്ന് ജനകീയത, രണ്ട് ആധുനികത, മൂന്ന് മാനവീകത. ഈ മൂന്ന് ആശയങ്ങളുടെ പരസ്പരപൂരകമായ വ്യാപനമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വളർച്ച.
കഴിഞ്ഞ മൂന്നരവർഷത്തെ കഠിനമായ പ്രയത്നം മൂലം മേൽപറഞ്ഞ മാർഗദിശയിലൂടെ ഏറെ മുന്നോട്ടു പോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നീതിആയോഗിന്റെ കണക്കെടുപ്പിൽ 82.17 പോയന്റ് നേടി കേരളം ഒന്നാം സ്ഥാനത്തെത്തിയത് അതിന്റെ ഉദാഹരണമാണ്. ക്ലാസ്മുറിയിൽ നിന്നും പാർശ്വവത്കരണമില്ലാത്ത സമൂഹം എന്ന ആശയം സാർത്ഥകമാക്കാനാണ് ജനകീയ വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. വർത്തമാനകാലത്തെ കമ്പോളവർഗീയ വിദ്യാഭ്യാസരീതിയിൽ നിന്നും രക്ഷപ്പെടാനും ഇതുമാത്രമാണ് വഴി. ക്ലാസിലെ പഠനത്തിൽ ഒതുങ്ങാതെ പ്രകൃതിയുടെ നാനാതലങ്ങളിലേക്ക് കിനിഞ്ഞിറങ്ങുന്നതും പടർന്നു കയറുന്നതുമായ സർഗപ്രക്രിയയാണ് വിദ്യാഭ്യാസം. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയായി വിദ്യാഭ്യാസം മാറുന്നത് അപ്പോൾ മാത്രമാണ്. കാമ്പസ് ഒരു പാഠപുസ്തകമാക്കി മാറ്റുന്നത് ഈ രീതി ശാസ്ത്രത്തിന്റെ തുടക്കമാണ്. ഡിജിറ്റൽ ക്ലാസുകൾ അതിന്റെ ഉപകരണവുമാണ്.
സംസ്ഥാന സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പി.ടി.എ യുടെയും പൊതുജനങ്ങളുടെയും കൂട്ടായ ശ്രമത്തിലൂടെ മേൽപ്പറഞ്ഞ വഴിയിലൂടെ മുന്നോട്ടു പോയതിന്റെ ഫലമായിട്ടാണ് കേരളം വീണ്ടും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്.
ഈ മുന്നേറ്റത്തിന്റെ പാതയിൽ ഒരു പുതിയ പദ്ധതി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയാണ്. 'വിദ്യാലയം പ്രതിഭകളോടൊപ്പം"എന്നതാണ് പദ്ധതി. ഓരോ വിദ്യാലയത്തിന്റെയും ആവാസ വ്യവസ്ഥയിൽ താമസിക്കുന്ന സർഗധനരായ പ്രതിഭകളെ വീട്ടിൽച്ചെന്ന് ആദരിക്കാനും അവർക്ക് പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശം ഏറ്റുവാങ്ങാനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. 15 വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം വിദ്യാലയത്തിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ പുഷ്പങ്ങളുമായി ശിശുദിനമായ നവംബർ 14 മുതൽ 28 വരെയുള്ള ഏതെങ്കിലും ഒരു ദിവസം എത്തി അവരെ ആദരിക്കും. പ്രതിഭകൾ അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും. സാഹിത്യകാരന്മാർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, കായികതാരങ്ങൾ തുടങ്ങിയ പ്രതിഭകളെ സന്ദർശിക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടികൾക്ക് ലഭിച്ച സന്ദേശം അവർ സ്കൂളിൽ വന്ന് മറ്റു കുട്ടികളുമായി പങ്കുവയ്ക്കും. പ്രതിഭകൾ നവപ്രതിഭകളെ ഉണർത്തുക എന്നതാണ് മുഖ്യലക്ഷ്യം. 14000 വിദ്യാലയങ്ങൾ രണ്ടാഴ്ചക്കുള്ളിൽ ആയിരക്കണക്കിന് പ്രതിഭകളിലേക്കെത്തുകയാണ്. ഈ പദ്ധതിയിലൂടെ സാമൂഹിക വിദ്യാഭ്യാസത്തിന് മറ്റൊരു മാതൃക നമുക്ക് സൃഷ്ടിക്കാം.
കേരളത്തിലെ പ്രതിഭാധനരായ ഈ മഹത് വ്യക്തികളുടെ സന്ദേശങ്ങളും ഉപദേശങ്ങളും സ്കൂളുകളിൽ രേഖപ്പെടുത്തും. നല്ല സന്ദേശങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനതലത്തിൽ ഒരു പുസ്തകമാക്കി മാറ്റാനും പൊതുവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിക്കുന്നു.