സിറിയ : അമേരിക്കൻ സൈന്യത്തിന്റെ രഹസ്യദൗത്യത്തിൽ ലോകത്തെ ഭീതിയിലാഴ്ത്തിയ ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിച്ചിരുന്നു. ബാഗ്ദാദിയുടെ മരണശേഷം ഭീകരന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലു മായെത്തിയിരിക്കുകയാണ് പത്തൊൻപത്‌കാരിയായ യസീദി പെൺകുട്ടി. ഇറാഖ് സിറിയ അതിർത്തിയിൽ താമസിച്ചിരുന്ന ആയിരക്കണക്കിന് യസീദി പെൺകുട്ടികളെയാണ് ഐസിസ് അടിമകളാക്കി ലൈഗിക താത്പര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. ഐസിസ് ഭീകരൻമാരുടെ തലവനായ ബാഗ്ദാദിയും ഇത്തരം പ്രവർത്തനങ്ങളിൽ അതീവ തത്പരനായിരുന്നു എന്ന വിവരമാണ് യസീദി പെൺകുട്ടി അസോസിയേറ്റ് പ്രസിന് അനുവദിച്ച അഭിമുഖത്തിലൂടെ വെളിപ്പെടുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ അമേരിക്കൻ സൈന്യം ഐസിസ് രഹസ്യ താവളത്തിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്താനായത്.
യസീദി പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ അവസാന നാളുകളിൽ കടുത്ത ഭയത്തോടെയാണ് ബാഗ്ദാദി കഴിഞ്ഞിരുന്നത്. എന്നാൽ ഭാര്യയ്‌ക്കൊപ്പം പാർപ്പിച്ചിരുന്ന തന്നെ ക്രൂരമായ ലൈംഗിക പ്രവർത്തികൾക്ക് നിരന്തരം ബാഗ്ദാദി ഉപയോഗിക്കുമായിരുന്നു. തന്റെ ചോദ്യങ്ങൾക്കൊന്നും ഒരക്ഷരം പോലും മറുപടി നൽകുമായിരുന്നില്ല. സുരക്ഷ കാരണങ്ങളാൽ ഇടയ്ക്കിടെ താവളങ്ങൾ മാറ്റുമ്പോൾ തന്നെയും ബാഗ്ദാദി കൂടെ കൂട്ടിയിരുന്നു. മലകളും മരുഭൂമികളും താണ്ടിയുള്ള യാത്രകളിൽ ലൈംഗിക പീഡനത്തിലുൾപ്പടെ ഏറ്റ മുറിവുകൾ തന്നെ ബാധിച്ചിരുന്നുവെന്നും പെൺകുട്ടി വിവരിക്കുന്നു. രാത്രി കാലങ്ങളിൽ മൂന്നോളം വാഹനങ്ങളുടെ അകമ്പടിയിലാണ് ഒരു താവളത്തിൽ നിന്നും മറ്റൊന്നിലേക്ക് ബാഗ്ദാദിയും സംഘവും യാത്ര ചെയ്തിരുന്നത്. ആട്ടിടയന്റെ വേഷമണിഞ്ഞാണ് അവസാന നാളുകളിൽ ബാഗ്ദാദി പുറത്തേയ്ക്ക് സഞ്ചരിച്ചിരുന്നത്. ഇതിനായി വിലകുറഞ്ഞ ചെരുപ്പും വേഷവും ഇയാൾ ശീലമാക്കിയിരുന്നു.
സുരക്ഷാ കാരണങ്ങളാൽ ബാഗ്ദാദി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല, അതേ സമയം എല്ലായിപ്പോഴും സ്‌ഫോടക വസ്തുക്കൾ ചേർത്തു കെട്ടിയ ഒരു ബെൽറ്റ് സൂക്ഷിച്ചിരുന്നു. ഉറങ്ങുമ്പോൾ പോലും ഈ ബെൽറ്റ് അടുത്ത് ഊരി വയ്ക്കുമായിരുന്നു. പ്രമേഹമുൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളും ബാഗ്ദാദിക്കുണ്ടായിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തുന്നു. പലപ്പോഴും ഇൻസുലിൽ ഉപയോഗിച്ചിരുന്നു.
2017ൽ പതിനേഴ് വയസ് പ്രായമുള്ളപ്പോൾ ബാഗ്ദാദി തന്നെയും കൂട്ടി സംഘത്തോടൊപ്പം താവളം മാറുവാൻ ശ്രമിച്ച സംഭവവും ഭീതിയോടെ പെൺകുട്ടിയോർക്കുന്നുണ്ട്. മൂന്ന് വാഹനങ്ങളുടെ അകമ്പടിയിൽ അന്ന് ചെയ്ത യാത്രയ്ക്കിടെ ഭീതിയുണർത്തുന്ന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ആ യാത്രയ്ക്ക് ശേഷം ബാഗ്ദാദിയുടെ അമ്മാവന്റെ താവളത്തിലാണ് നാല് മാസത്തോളം പെൺകുട്ടിയെ പാർപ്പിച്ചത്. ഇവിടെ വച്ച് നിരന്തരം പീഡനത്തിനിരയാക്കി. 2018ലാണ് യസീദി പെൺകുട്ടിയെ ബാഗ്ദാദി മറ്റൊരാൾക്ക് കൈമാറി. ഇതിനു ശേഷം ബാഗ്ദാദിയുടെ പേരിൽ ഒരു ആഭരണം തനിക്ക് ലഭിച്ചുവെന്നും അതല്ലാതെ പിന്നീട് ബാഗ്ദാദിയെ കുറിച്ച് വിവരമൊന്നും അറിയില്ലായിരുന്നുവെന്നും യസീദി പെൺകുട്ടി വെളിപ്പെടുത്തുന്നു.