sreeram-venkittaraman

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച്‌ മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മറുപടി നൽകി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ അശ്രദ്ധയോടെ വണ്ടിയോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയതെന്ന് മന്ത്രി രേഖാമൂലം എഴുതി നൽകി.

ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കിയതായും എ.കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. അതേസമയം അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്നതിനെക്കുറിച്ച് രേഖമൂലം നൽകിയ മറുപടിയിൽ മന്ത്രി പറയുന്നില്ല.

കഴിഞ്ഞ ആഗസ്റ്റിലാണ് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം ബഷീർ മരിച്ചത്. സിറാജ് ഓഫീസിൽ നിന്ന് വികാസ് ഭവനിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ ഒരു ഫോൺ വന്നതിനെത്തുടർന്ന് റോഡരികിൽ ബൈക്ക് നിറുത്തി സംസാരിക്കുകയായിരുന്ന ബഷീറിനെ, അമിത വേഗതയിൽ വന്ന ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന ഫോക്സ് വാഗൺ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.