നടൻ ഹരിശ്രീ അശോകന്റെ വഴിയേ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകും. 2012-ൽ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമാ രംഗത്തേക്കുന്നത്. പിന്നീട് നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെ പ്രധാന വേഷത്തിലെത്തി. തുടർന്നങ്ങോട്ട് വരത്തൻ, ഉണ്ട, ജൂൺ എന്നീ സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. പറവയിലൂടെ തന്നെയാണ് ഈ താരം പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ചത്. ഇപ്പോൾ വരത്തൻ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് അർജുൻ.
അമൽ നീരദിന്റെ ഫോൺകോളാണ് ഈ സിനിമയിലേക്കെത്താൻ കാരണമായതെന്നും സിനിമ പുറത്തിറങ്ങിയപ്പോൾ നിരവധിപേർ തനിക്ക് മെസേജുകൾ അയച്ചതായും അർജുൻ പറയുന്നു. "അമലേട്ടന്റെ (അമൽ നീരദ്) സിനിമയിലേക്ക് മുൻപ് പോർട്ട്ഫോളിയോ ഒക്കെ അയച്ചിരുന്നു. പക്ഷെ, ആ പ്രൊജക്ട് നടന്നില്ല. പറവ കഴിഞ്ഞ സമയത്താണ് പിന്നീട് അമലേട്ടൻ വിളിക്കുന്നത്. ആ സമയത്ത് കാർ വാഷ് ബിസിനസുണ്ട് എനിക്ക്. സാധാരണ ആ കാര്യം പറയാനാണ് വിളിക്കാറ്. വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞപ്പോൾ എന്തെങ്കിലും പ്രശ്നമാണോയെന്നറിയാൻ സൗബിക്കയെ വിളിച്ചു. അമലേട്ടന് എന്തോ പറയാനുണ്ടെന്നും പെട്ടെന്ന് ചെല്ലാനും സൗബിക്ക പറഞ്ഞു. അങ്ങനെ ചെന്നപ്പോഴാണ് വരത്തന്റെ കഥപറയുന്നത്.
വില്ലൻ കഥാപാത്രമാണെന്നും താൽപര്യമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതിയെന്നും അമലേട്ടൻ പറഞ്ഞു. പക്ഷെ, ആ കഥാപാത്രം ഏറ്റെടുക്കന്നിനെപറ്റി രണ്ടാമതൊന്ന് ആലോചിച്ചില്ല. സിനിമ കണ്ടിട്ട് ചിലർ മെസേജ് അയച്ചു. "നിന്നെ കയ്യിൽ കിട്ടിയാൽ തല അടിച്ചുപൊട്ടിക്കുമെന്ന് ". ലാലേട്ടന്റെ അഭിനയത്തെ കുറിച്ച് വലിയ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. കഥാപാത്രത്തിന്റെ ഐക്യു ലെവൽ വരെ കണക്കുകൂട്ടിയാണ് അദ്ദേഹം അഭിനയിക്കുന്നതെന്ന്. അങ്ങനെ കഥാപാത്രമായി മാറാനൊന്നും നമുക്ക് പറ്റില്ലെന്നും കിട്ടുന്ന വെറെെറ്റി റോളുകളൊക്കെ ചെയ്യണമെന്നാണ് മോഹം". ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.