കൊച്ചി: തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ ജനുവരി 11,12 തീയതികളിൽ പൊളിക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ രാവിലെ ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം, ഫ്ലാറ്റുകൾ പൊളിക്കാൻ കാലതാമസമുണ്ടായത് സാങ്കേതിക കാരണങ്ങളാലാണെന്ന വിശദീകരണം സുപ്രീം കോടതിയെ അറിയിക്കാനും യോഗത്തിൽ ധാരണയായി.
അതേസമയം, ഫ്ലാറ്റുകൾ പൊളിക്കാൻ എത്രത്തോളം സ്ഫോടക വസ്തുക്കൾ വേണമെന്നതിനെപ്പറ്റി വരും ദിവസങ്ങളിൽ തീരുമാനമെടുക്കും. ഇൻഡോറിൽ നിന്നുള്ള നിയന്ത്രിത സ്‌ഫോടക വിദഗ്ദ്ധൻ എസ്ബി സർവാതെ, എറണാകുളം ജില്ലാ കളക്ടർ, കമ്മിഷണർ, പൊളിക്കൽ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങൾ അടക്കമുള്ളവരും യോഗത്തിൽ പങ്കെടുത്തു. ഫ്ലാറ്റ് പൊളിച്ച് നീക്കാൻ ചുമതലയേറ്റെടുത്ത കമ്പനികൾ കഴിഞ്ഞ ദിവസം സാങ്കേതിക സമിതിക്ക് ബ്ലാസ്റ്റിംഗ് റിപ്പോർട്ട് കൈമാറിയിരുന്നു.
ഫ്ലാറ്റിന്റെ വിവിധ നിലകളിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സ്‌ഫോടനം നടത്തുക. കെട്ടിടം ഒരുമിച്ചല്ല, ഘട്ടം ഘട്ടമായാണ് ഭൂമിയിൽ പതിക്കുക. അതുകൊണ്ടുതന്നെ ഇതു ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതം കുറവായിരിക്കും. സമീപ പ്രദേശങ്ങളെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചതിനു ശേഷം മാത്രമേ സ്‌ഫോടനം നടത്തുകയുള്ളൂ. സ്‌ഫോടക വസ്തുക്കൾ സ്ഥാപിക്കാനായി ഫ്ലാറ്റുകളുടെ തൂണുകളിൽ ദ്വാരങ്ങളിട്ട് തുടങ്ങിയിട്ടുണ്ട്
ജനുവരി 11ന് അൽഫ സെറീൻ, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റുകളും, 12ന് ജെയിൻ കോറൽകോവ്,ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചു നീക്കുക. മേയ് എട്ടിനാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഒരുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അന്ന് പറഞ്ഞിരുന്നു.
2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ രണ്ടിലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള കെട്ടിട ഉടമകളുടെ വാദം കോടതി തള്ളുകയായിരുന്നു.