കൊച്ചി: കലൂർ,സ്മൃതി സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി ഡിസ്ഏബിൾഡിന്റെ വാർഷികപരിപാടികൾ കൊച്ചി ചങ്ങമ്പുഴ പാർക്കിലെ സദസ്സിന് അത്ഭുതമായി. മൂന്നു നൃത്തശില്പങ്ങളും ഒരു ബാലെയും കുട്ടികൾ അവതരിപ്പിച്ചു. ബധിരയും മൂകയും ബുദ്ധിമാന്ദ്യവുമുള്ള കുട്ടികൾ വരെ പശ്ചാത്തല സംഗീതത്തിനൊപ്പം താളം തെറ്റാതെ ചുവടുകൾ വച്ച പ്രകടനങ്ങൾ നിറഞ്ഞുതുളുമ്പിയ സദസ്സിന് വേദനയും വിസ്മയവും ഉണർത്തി. സ്മൃതി സ്പെഷ്യൽ സ്കൂൾ വാർഷികത്തിന്റെ ഭാഗമായി നടത്തപ്പെട്ട പൊതുയോഗം അമൃത യൂണിവേഴ്സിറ്റി പ്രൊഫസ്സറും ഭിന്നശേഷിക്കാരനുമായ ഡോ. എൻ. ആർ. മേനോൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സത്യസായി വിദ്യാവിഹാർ പ്രൊജക്റ്റ് ട്രെയ്നർ സുഭദ്രാ ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. സേവനസംഘടനയായ 'സ്നേഹസാന്ത്വനം 'അംഗം രാജശ്രീ രാജേന്ദ്രൻ, ഹങ്കർ ലെസ് കേരള സ്ഥാപകാംഗം അരവിന്ദ് ഹരിദാസ്, പി ടി എ പ്രസിഡന്റ് അഡ്വ. രാജശ്രീ സ്മൃതി സ്കൂൾ ട്രസ്റ്റ് പ്രസിഡണ്ട് പി. കൃഷ്ണകുമാർ, പദ്മിനി, ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു. റൗണ്ട് ടേബിൾ ഇന്ത്യ പ്രവർത്തകർ സ്കൂളിന് കമ്പ്യൂട്ടർ സംഭാവന ചെയ്തു. കൂടെ ധനസഹായ ചെക്കും നൽകി. നൃത്താധ്യാപകൻ ആർ. എൽ. വി.ശ്രീധരൻ മാസ്റ്ററെ ട്രസ്റ്റ് ഖജാൻജി ശ്രീനിവാസൻ പൊന്നാടയണിയിച്ചു സെക്രട്ടറി പ്രേംനാഥ് മൊമെന്റോ നൽകി ആദരിച്ചു. മികച്ച വിജയം കാഴ്ച്ചവച്ച കുട്ടികൾക്ക് ഉപഹാരം നൽകി സ്കൂളിൽ പ്രവർത്തിക്കുന്ന 'ഗ്ലോബൽ വിഷൻ ഇന്റർനാഷണൽ ' സന്നദ്ധസംഘടനാപ്രവർത്തകരെ സ്കൂൾ ട്രസ്റ്റ് ആദരിച്ചു.