ഹൈദരാബാദ്: ഹൈദരാബാദിലെ കച്ചഗുഡ റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ഫലക്നുമയിൽ നിന്ന് സെക്കന്തരാബാദിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിൻ അതേ ട്രാക്കിലുണ്ടായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിലേക്ക് (എം.എം.ടി.എസ്) ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോക്കൽ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി മറിഞ്ഞു. എം.എം.ടി.എസ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഇപ്പോഴും കാബിനിൽ കുടുങ്ങി കിടക്കുകയാണ്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.
പരിക്കേറ്റവരെ ഒസ്മാനിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സിഗ്നൽ പ്രശ്നമാണ് അപകടത്തിന് കാരണം. ഇരു ട്രെയിനുകളും പതിയെ സഞ്ചരിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് കച്ചഗുഡ വഴിയുള്ള സർവീസുകൾ റദ്ദാക്കി. ദക്ഷിണ - മദ്ധ്യ റെയിൽവേ അധികൃതർ അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചു. ആവശ്യമായ സഹായങ്ങൾ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.