ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി പതുക്കെ പതുക്കെ ഇളകാൻ തുടങ്ങിയിരിക്കുന്ന ചരിത്രസന്ധിയിൽ തന്നെ ടി. എൻ. ശേഷൻ കടന്നുപോയി. ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിസന്ധി തന്റെ മരണത്തിൽ കൂടിയും ചർച്ച ചെയ്യപ്പെടേണം എന്നത് കൂടി ശേഷന്റെ നിയോഗമായിരിക്കണം! രാഷ്ട്രീയനേതൃത്വത്തെ തരിമ്പും വകവയ്ക്കാതെയാണല്ലോ ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്തെ ശേഷൻ അടിമുടി ശുദ്ധീകരിച്ചത്.
അക്ഷരാർത്ഥത്തിൽ, 1990 - 1994 കാലത്ത് ശേഷൻ വിസ്മയവും ആവേശവുമായിരുന്നു.
അന്നത്തെ എന്റെ ആരാധനാപുരുഷനായിരുന്നു ശേഷൻ. 1993 ൽ ഞാൻ പയ്യന്നൂർ കോളേജിൽ രണ്ടാംവർഷ പൊളിറ്റിക്സ് വിദ്യാർത്ഥിനി. മോഹൻലാൽ , മമ്മൂട്ടി ഫാൻസ് അസോസിയേഷനുകൾ പ്രചാരത്തിലായി വരുന്ന കാലം. ശേഷന് ആണ് ഒരു ഫാൻസ് അസോസിയേഷൻ വേണ്ടതെന്നു എനിക്ക് തോന്നി.
അങ്ങനെ ഇന്ത്യയിൽ ആദ്യമായി ടി. എൻ. ശേഷൻ ഫാൻസ് അസോസിയേഷൻ 1993 ൽ പയ്യന്നൂർ കോളേജിൽ രൂപമെടുത്തു .'സാമൂഹ്യ പ്രതിബദ്ധതയില്ലാതെ വളരുന്ന യുവതലമുറയ്ക്ക് ഒരു വഴികാട്ടി " എന്നോ മറ്റോ ആയിരുന്നു ടാഗ് ലൈൻ. രണ്ടാംവർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയും ഉജ്ജ്വല പ്രാസംഗികയുമായ റോസ്മിൻ മാത്യു സെക്രട്ടറി, ഞാൻ പ്രസിഡന്റ്. രക്ഷാധികാരിയാകാൻ എല്ലാ അദ്ധ്യാപകരെയും സമീപിച്ചു. ഞങ്ങളുടെ കുസൃതികൾ അറിയാവുന്ന ആരും സമ്മതിച്ചില്ല. ഒടുവിൽ ഓഫീസ് ജീവനക്കാരനായ കെ.എം. രമേശേട്ടൻ സമ്മതിച്ചു. ആദ്യ സംഭാവന 100 രൂപ തന്നത് ഞങ്ങളുടെ എല്ലാ എടുത്തുചാട്ടങ്ങൾക്കും എന്നും കൂട്ടായിരുന്ന അന്നത്തെ കെ.എസ്.യു നേതാവ് കെ.പി. സജിത് ലാൽ എന്ന സജിത്തേട്ടനായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ശേഷൻ ഫാൻസ് അസോസിയേഷൻ പയ്യന്നൂർ കോളേജിൽ രൂപീകരിച്ചു എന്ന വാർത്ത അന്നത്തെ എല്ലാ പത്രങ്ങളിലും വന്നതോടെ സംഭവം ക്ലിക്ക് ആയി. ഞാനും റോസ്മിനും എന്നും ഞങ്ങളുടെ സ്വപ്നപരിപാടികൾ പ്ലാൻ ചെയ്യും. അന്നത്തെ ഒരു ഡയറിയിൽ മുഴുവൻ നടക്കാതെ പോയ ആ സ്വപ്നങ്ങൾ ചിതറി കിടപ്പുണ്ട്.
ആയിടയ്ക്ക് പ്രിൻസിപ്പൽ ഗോവിന്ദൻകുട്ടി മാഷ് ക്ലാസുകളുടെ ഇടവേളകളിൽ കാമ്പസിൽ ഇറങ്ങി പരിശോധന നടത്താൻ തുടങ്ങി. ക്ലാസ് കട്ട് ചെയ്തു നടക്കുന്നവർ, പ്രണയജോഡികൾ, മദ്യപാനികൾ തുടങ്ങിയ 'സാധുക്കൾക്ക് " പേടിസ്വപ്നമായി മാഷ് പെട്ടെന്ന് പ്രത്യക്ഷപ്പെടും. മാഷിന്റെ തല കാണുമ്പോൾ തന്നെ കെമിസ്ട്രി ലാബിനു മുന്നിലും, മലയാളം വകുപ്പിന്റെ ഇടനാഴിയിലും ഒക്കെ പാവം പ്രണയങ്ങൾ ചിതറിത്തെറിക്കാൻ തുടങ്ങി. അങ്ങനെയാണ് ശേഷൻ ഫാൻസ് ഇതിൽ ഇടപെട്ടത്.
ഒരു തിങ്കളാഴ്ച രാവിലെ ഓഫീസിനു മുന്നിൽ ഒരു ബോർഡ്. അതിൽ പ്രിൻസിപ്പലിന്റെ തലയും പുലിയുടെ ഉടലും. കാമ്പസിൽ പുലി ഇറങ്ങുമ്പോൾ എന്നായിരുന്നു തലക്കെട്ട്. ബാക്കി ഓർമയില്ല. ശേഷൻ ഫാൻസ് എന്ന് കൃത്യമായി താഴെ എഴുതിയിരുന്നു. പതിനൊന്നു മണിവരെ ആയിരുന്നു അതിനു ആയുസ്. അപ്പോഴേക്കും , ഞങ്ങൾ വിളിപ്പിക്കപ്പെട്ടു. മീശ പിരിച്ചുകൊണ്ട് തനതായ ശൈലിയിൽ മാഷ് നോക്കി. റോസ്മിൻ ഒറ്റച്ചിരി. ദേഷ്യവും ഗൗരവവും വാത്സല്യത്തിനും അലിവിനും വഴിമാറാൻ നിമിഷങ്ങൾ എടുത്തില്ല. രണ്ടുപേരും റാങ്ക് പ്രതീക്ഷയുള്ള കുട്ടികളാണ്. ശേഷനെ ആദരിക്കേണ്ടത് കാർട്ടൂൺ വരച്ചിട്ടല്ല, ഐ.എ.എസ് നേടിക്കൊണ്ടാവണം എന്നും പറഞ്ഞു, അവസാനമായി ഒരു താക്കീത്. ഇനി മുതൽ കാമ്പസിൽ രണ്ടാളും ഒന്നിച്ചു നടക്കരുത്, സംസാരിക്കരുത്. രണ്ടു കുരുട്ടുബുദ്ധിയും ഒന്നിച്ചു കൂടിയാൽ നിങ്ങൾ ഇനിയും എനിക്കു തലവേദനയുണ്ടാക്കും എന്നും പറഞ്ഞു നിർദയം ശേഷൻ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടു.
അങ്ങനെ പത്രത്തിൽ അച്ചടിച്ച് വന്ന് പത്തുദിവസത്തിനകം ശേഷൻ ഫാൻസ് അസോസിയേഷൻ മരിച്ചു.
ധൈര്യമില്ലാത്തവർ ശേഷന്റെ പേരുകളഞ്ഞു എന്ന് പറഞ്ഞു കുറേനാൾ സജിത്തേട്ടനും പരിഹസിച്ചു. ഒടുവിൽ, ഞങ്ങളെ തീരാവേദനയിലാഴ്ത്തിക്കൊണ്ട് , ബി.എ.പരീക്ഷാ റിസൾട്ട് വരുന്നതിനു കൃത്യം ഒരാഴ്ച മുമ്പ്, അതിനു വേണ്ടി ഒരുപാട് കാത്തിരുന്ന, ആഗ്രഹിച്ചിരുന്ന സജിത്ത് ലാൽ സി.പി.എമ്മിന്റെ ബോംബേറിൽ കൊല്ലപ്പെട്ടു. 1995, ജൂൺ 27ന്. ഞാനും റോസ്മിനും അതോടെ എല്ലാ കുസൃതികളും, ഒപ്പം സജീവരാഷ്ട്രീയവും നിറുത്തി. ശേഷൻ ഫോട്ടോകളും അന്നത്തെ പത്രങ്ങളിലെ ശേഷൻ ന്യൂസുകളും, വാരികകളിലെ കവർസ്റ്റോറികളും ഒക്കെ ഒട്ടിച്ചുവച്ച പഴയ നോട്ടുബുക്ക് ഇന്നും പയ്യന്നൂരിലെ വീട്ടിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ശേഷൻ ഫാൻസ് അസോസിയേഷന്റെ ഓർമ്മയ്ക്കായി അത് എന്നുമുണ്ടാകും... ഒടുവിൽ ശേഷനും ഓർമയാകുന്നു, എല്ലാ പ്രതിരോധങ്ങളും കൈവിട്ട ഒരു ജനത വെറുതേ നോക്കിനിൽക്കുമ്പോൾ ...
( രാഷ്ട്രീയ സാമൂഹിക നിരീക്ഷകയാണ് ലേഖിക)