ayodhya-

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രനിർമ്മാണം രണ്ടുമാസത്തിനുള്ളിൽ തുടങ്ങാനുറച്ച് ബി.ജെ.പി നേതൃത്വം. 2020 ജനുവരി 14ന് മകര സംക്രാന്തിക്ക് ക്ഷേത്ര നിർമ്മാണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനാണ് ഹിന്ദുസംഘടനകളുടെയും ബി.ജെ.പിയുടെയും നീക്കം. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച നടത്തി നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ട്രസ്റ്റ് രൂപീകരിക്കുന്നതിനായി ന്യൂഡൽഹിയിൽ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ക്ഷേത്രനിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കാനാണ് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, 2017ൽ യു.പി പിടിക്കാൻ ബി.ജെ.പി ആയുധമാക്കിയ അയോദ്ധ്യ തന്നെ രണ്ടാംതവണയും ഉയർത്തിക്കാട്ടാനാണ് ബി.ജെ.പിയുടെ ശ്രമം.

1989ൽ തർക്കഭൂമിയിൽ സംഘപരിവാർ പ്രവർത്തകർ ശില്യാന്യാസം നിർവഹിച്ചിട്ടുണ്ട്. നേരത്തേ ശിലാന്യാസം നിർവഹിച്ചതിനാൽ ഇനി ശിലാന്യാസം വേണ്ട എന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്ന് വി.എച്ച്.പിയും ആവശ്യപ്പെട്ടിട്ടുണ്ട്. ആർക്കിടെക്ട് ചന്ദ്രകാന്ത് സോംപുര തയ്യാറാക്കിയ ഡിസൈൻ പ്രകാരം നിർമ്മാണം നടത്തണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു. 1989ൽ അന്നത്തെ വി.എച്ച്.പി തലവനും പിന്നീട് ബാബ്റി മസ്ജിദ് പൊളിച്ച കേസിലെ പ്രതിയുമായ അശോക് സിംഗാൾ ഒരു ക്ഷേത്ര രൂപരേഖ തയ്യാറാക്കി പ്രചരിപ്പിച്ചിരുന്നു. ഈ മാതൃകയിൽ ഡിസൈൻ ഉണ്ടാക്കാനാണ് വി.എച്ച്.പി ചന്ദ്രകാന്ത് സോംപുരയോട് ആവശ്യപ്പെട്ടത്. അതേസമയം, ക്ഷേത്രനിർമ്മാണത്തിനായി തൂണുകളും മറ്റും നിർമ്മിക്കുന്നത് പുരോഗമിക്കുകയാണ്. മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കാനാണ് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ട്രസ്റ്റ് രൂപീകരിച്ചാലുടൻ നിർമ്മാണം തുടങ്ങും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായിരിക്കും നിർമ്മാണ മേൽനോട്ടം.