തിരുവനന്തപുരം: പാൽകുളങ്ങരയിൽ ഗർഭിണിയായ പൂച്ചയെ മദ്യപന്മാർ കഴുത്തിൽ കയർ കുറുക്കി തൂക്കികൊന്നു. പാൽകുളങ്ങരയിൽ ക്ലബ്ബായി പ്രവർത്തിക്കുന്ന ഒരു കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കി കൊന്ന നിലയിൽ കണ്ടെത്തിയത്. ക്ലബ്ബിൽ മദ്യപിക്കാനായി എത്തിയവരാണ് പൂച്ചയെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മദ്യപാനവും ചീട്ടുകളിയും ഈ ക്ലബിൽ സ്ഥിരമായി നടക്കാറുള്ളതാണെന്നും വിവരമുണ്ട്. പൂച്ചയുടെ ജഡം പോസ്റ്റുമോർട്ടത്തിന് അയക്കുകയും മനുഷ്യാവകാശ പ്രവർത്തകർ നൽകിയ പരാതിയിന്മേൽ വഞ്ചിയൂർ പൊലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
മൃഗാവകാശ പ്രവർത്തകരായ പാർവതി മോഹൻ, ലത ഇന്ദിര എന്നിവർ നൽകിയ പരാതിയിൻമേലാണ് പൊലീസ് കേസ് എടുത്തത്. ഇക്കാര്യം പാർവതിയും ലതയും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. 'ട്രിവാൻഡ്രം ഓൺലൈൻ ഗ്രൂപ്പ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പാർവതി ചിത്രങ്ങളുൾപ്പെടെ ഈ സംഭവത്തെ കുറിച്ചെഴുതിയതോടെയാണ് ഈ ക്രൂരസംഭവം ജനശ്രദ്ധയിലെത്തുന്നത്. സംഭവം അറിഞ്ഞയുടൻ തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നുവെങ്കിലും അവർ ഉടൻ കേസ് എടുക്കാൻ തയാറായില്ലെന്നും പാർവതി തന്റെ കുറിപ്പിൽ പറയുന്നു.
പൂച്ചയേയും നായയെയും കൊണ്ടുള്ള ശല്യത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നവർ ഇത്തരം ക്രൂരതകൾക്ക് നേരെ കണ്ണടയ്ക്കരുതെന്നാണ് പാർവതി തന്റെ കുറിപ്പിലൂടെ പറയുന്നത്. ഇത്തരത്തിൽ സ്വന്തം വികൃതമായ സുഖത്തിനായി പലതും ചെയ്യുന്നവർ മറ്റെന്ത് ക്രൂരതകൾ കാട്ടാനും തീരെ മടിക്കില്ലെന്നും പാർവതി ഓർമിപ്പിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 429 വകുപ്പും(മൃഗങ്ങളെ ഉപദ്രവിക്കുക, കൊല്ലുക എന്നീ കുറ്റങ്ങൾ), 268 വകുപ്പും(പൊതുശല്യം സൃഷ്ടിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് വഞ്ചിയൂർ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പാർവതിയുടെ പോസ്റ്റ്:
'എല്ലാവരും തെരുവ് നായ്ക്കളും പൂച്ചകളും നിങ്ങളുടെ പ്രദേശത്ത് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നതിന്റെയും അവര് കാരണം നിങ്ങൾക്ക് ഉണ്ടായ മോശം കാര്യങ്ങളിലേക്ക് മാത്രം വിരൽ ചൂണ്ടുകയും ചെയ്യുന്നതിന്റെ തിരക്കിലായിരിക്കുമ്പോൾ നമുക്കിടയിലെ മറ്റു ചില തിന്മയുടെ മുഖങ്ങൾ ഉണ്ട്.. അവർ അവരുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യും........... ഇന്നലെ 9.54നു ഒരു പൂച്ചയെ ആരോ കയറുകൊണ്ട് കെട്ടിയിട്ടിരിക്കുന്നതായി ഒരു ഫോൺ കോൾ വന്നു. കുട്ടികൾ കളിക്കുന്നതിനിടയിൽ സംഭവിച്ചതാകുമെന്നാണ് ഞാൻ കരുതിയത്. 10 മിനിറ്റിനുള്ളിൽ ഞാൻ സംഭവ സ്ഥലത്ത് എത്തുകയും ഇത് കാണുകയും ചെയ്തു. ഒരു ഗർഭിണിയായ പൂച്ചയെ പ്ലാസ്റ്റിക് കയറിൽ കെട്ടിതൂക്കിയിരിക്കുന്നു........ ഇൻഫോർമറുടെ വീടിന് അടുത്തുള്ള ഒരു ഇരുമ്പ് സ്തംഭത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കിയിരുന്നത്. കെട്ടിടത്തിന്റെ ഉടമയുമായി സംസാരിച്ചപ്പോൾ ആ കെട്ടിടം അടുത്തുള്ള ആളുകൾ ഒരു ക്ലബ്ബായി ഉപയോഗിച്ച് വരികയാണെന്ന് അറിയാൻ കഴിഞ്ഞു.
ഈ സംഭവത്തെകുറിച്ച് ചോദിച്ചപ്പോൾ ഉടമയുടെയും അയാളുടെ ഭാര്യയുടെയും മറുപടി വ്യത്യസ്തമായിരുന്നു. പോലീസ് അന്വേഷിക്കാനായി വന്നെങ്കിലും (പെട്രോളിംഗ് യൂണിറ്റ് ഓഫ് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം) ഇൻഫൊർമറെ അവരുടെ ഭാഗത്താക്കാൻ പരമാവധി ശ്രമിക്കുകയാണ് ചെയ്തത്. പെട്ടന്ന് തന്നെ ചില ക്ലബ് അംഗങ്ങൾ വരികയും പരാതി കൊടുക്കാതെയിരിക്കാൻ എന്നെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു..... ഞാൻ ലത ഇന്ദിരയെ വിളിച്ചു. ഞങ്ങളിരുവരും ചേർന്ന് പോലീസ് സ്റ്റേഷനിൽ പോകുകയും പരാതി കൊടുക്കുകയും ചെയ്തു. പോലീസുകാർ താൽപര്യക്കുറവ് കാണിച്ചുവെങ്കിലും ഒടുവിൽ ഞങ്ങൾക്ക് പരാതി ഫയൽ ചെയ്യുവാൻ കഴിഞ്ഞു. 2 പോലീസുകാർ സംഭവസ്ഥലത് വന്നു പരാതിയുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ ചെയ്തു. പ്രവീൺ കുമാറിന്റെ സഹായത്തോടെ വലിയറത്തലയിലുള്ള PFA ഷെൽറ്ററിലേക്ക് പൂച്ചയുടെ ബോഡി മാറ്റി. രാജീവ് വി . എസും ഒരു പോലീസ് ഓഫീസറും ചേർന്ന് പോസ്റ്റ്മാർട്ടത്തിനായ് ഇന്ന് ബോഡി പാലോട് കൊണ്ടുപോകും.'