തിരുവനന്തപുരം: ലോട്ടറി വില്പനയുടെ മറവിൽതട്ടിപ്പ് നടത്തിവന്ന പഴവങ്ങാടി, കിഴക്കേക്കോട്ട ഭാഗങ്ങളിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നായി ആറുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒന്നരലക്ഷം രൂപ കണ്ടുകെട്ടി. തകരപ്പരമ്പ് ന്യൂ സ്റ്റാർ ലക്കി സെന്ററിന്റെ നടത്തിപ്പുകാരൻ പുത്തൻപള്ളി പള്ളിത്തെരുവിൽ മുഹമ്മദ് നാസറുദീൻ, ജീവനക്കാരനായ പുത്തൻപള്ളി പള്ളിത്തെരുവ് ടി.സി 46/375(4) ൽ അബ്ദുൾ ഷെഫീക്ക്, ഏജന്റ് വലിയതുറ മാർക്കറ്റ് റോഡിൽ ഹരി എന്നിവരിൽ നിന്ന് 71,110 രൂപയും ലോട്ടറി നമ്പർ എഴുതിയ ടിക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്. പഴവങ്ങാടി സെൻട്രൽ തിയേറ്റർ റോഡിലുള്ള സോണി ലക്കി സെന്ററിന്റെ നടത്തിപ്പുകാരനായ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷൻ മേടയിൽ വീട്ടിൽ ഷെറീഫ്, ഏജന്റ് വള്ളക്കടവ് പുത്തൻ റോഡ് ഇർഫാന മൻസിലിൽ സുധീർ, ജീവനക്കാരനായ പരുത്തിക്കുഴി എം.പി കോമ്പൗണ്ടിൽ റഷീദ് എന്നിവരിൽ നിന്ന് 80,810 രൂപയും മറ്റ് തെളിവുകളും കണ്ടെടുത്തു.
ഫോർട്ട് പൊലീസ് ഇൻസ്‌പെക്ടർ എ.കെ. ഷെറിയുടെ നേതൃത്വത്തിൽ എസ്.എെ വിമൽ, എസ്.സി.പി.ഒമാരായ സുധീർചന്ദ് കുമാർ, രാമചന്ദ്രൻ, സി.പി.ഒ മാരായ ശ്രീജിത്ത്, റെജി, പ്രശാന്ത്, അരുൺ, ശ്യാം, അരുൺ, സുനിൽ, വിനോദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
തട്ടിപ്പ് ഇങ്ങനെ
കേരള സർക്കാർ ലോട്ടറിയെ കരുവാക്കി വരും ദിവസങ്ങളിൽ നറുക്കെടുക്കാനിരിക്കുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കാവുന്ന ലോട്ടറിയുടെ അവസാന മൂന്നക്കം പ്രവചിക്കുന്നവരിൽ നിന്ന് ഓരോ മൂന്നക്കത്തിനും നറുക്കെടുപ്പ് ഫലം വന്ന ശേഷം 5000 രൂപ വീതം സമ്മാനതുക കൊടുക്കാം എന്നുറപ്പ് നൽകിയായിരുന്നു തട്ടിപ്പ്. തിരഞ്ഞെടുക്കുന്ന ഓരോ മൂന്നക്ക നമ്പരിനും 10 രൂപ വീതം ഇടാക്കി നമ്പരിന്റെ വിവരങ്ങൾ കടലാസിൽ രേഖപ്പെടുത്തി നൽകി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.