പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് അഭിമന്യു. ചിത്രം അത്രത്തോളം വിജയമായിരുന്നില്ലെങ്കിലും രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ എവർഗ്രീൻ ഹിറ്റായിരുന്നു. രാമായണക്കാറ്റേ, കണ്ടു ഞാൻ മിഴികളിൽ തുടങ്ങിയവ ഇന്നും മലയാളിയുടെ ഇഷ്‌ടഗാനങ്ങളായി തന്നെ നിലനിൽക്കുന്നു.
ഇതിൽ രാമായണക്കാറ്റേ പുതുതലമുറയുടെ ആഘോഷ വേദികളിലെ സ്ഥിരം നമ്പരാണ്. എന്നാൽ സിനിമയിൽ മോഹൻലാലിനൊപ്പം ഗാനത്തിന് ചുവടുവച്ച നടി ആരെന്നറിയുമോ? ഒരു കാലത്ത് തെന്നിന്ത്യയെ മുഴുവൻ തന്റെ സൗന്ദര്യം കൊണ്ട് മയക്കിയ ഷർമിലി ആയിരുന്നു ആ താരം. എം.ടി വാസുദേവൻ നായരുടെ സിനിമയിൽ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷർമ്മിലി പിന്നീട് ഗ്ളാമർ ലോകത്തെ രാജ്ഞിയായി.
ഡാൻസ് മാസ്‌റ്റ്ർ കുമാർ വഴിയാണ് അഭിമന്യുവിലേക്ക് എത്തുന്നത്. പ്രിയദർശന്റെ അഭിമന്യുവിൽ മോഹൻലാലിനൊപ്പം നൃത്തം ചെയ്യാൻ സുന്ദരിയായ ഒരു പെൺകുട്ടിയെ വേണം. ഷർമിലിക്ക് പറ്റുമോ എന്നാണ് ബാപ്പയോട് ( ഡാൻസ് മാസ്‌റ്റർ ഗഫൂർ) കുമാർ സാർ ചോദിച്ചത്. കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ഷർമിലി മനസു തുറന്നു.
'ഗ്ളാമറസായി നൃത്തം ചെയ്യണം എന്നു കേട്ടപ്പോൾ ബാപ്പയ്‌ക്ക് വിഷമം. ഉമ്മയ്‌ക്ക് അതിലേറെ എതിർപ്പ്. പ്രിയദർശൻ സാർ മലയാളത്തിലെ നമ്പർ വൺ സംവിധായകനാണെന്നും അദ്ദേഹം നായികമാരെ മോശമായി അവതരിപ്പിക്കാറില്ലെന്ന് കുമാർ സാർ പറഞ്ഞു. ഈ കുട്ടി ഓകെയാണെന്ന് കണ്ടപാടെ പ്രിയദർശൻ സാർ പറഞ്ഞു. രാമായണക്കാറ്റേ എൻ നീലാംബരിക്കാറ്റേ എന്ന പാട്ടിന്റെ ഷൂട്ടാണ്. ലാൽ സാറുമായി നല്ല കമ്പനിയായതിനാൽ ആസ്വദിച്ചാണ് നൃത്തം ചെയ്‌തത്. അഭിമന്യുവിലെ ഗാനരംഗം അക്കാലത്ത് തരംഗമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഐഡന്റിറ്റി കിട്ടാൻ രാമായണക്കാറ്റ് സഹായകമായി.
2015ൽ പുലിമുരുകനിൽ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു. നല്ല ടീം, ലാൽ സാറിനൊപ്പം കോമ്പിനേഷൻ വിട്ടുകളയാൻ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവർ വിളിച്ചത്. ഈ ശരീരഭാരം വച്ച് ജൂലിയാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകൾ ഞാൻ ആന്റണി സാറിന് മെയിൽ ചെയ്‌തെങ്കിലും അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്‌ടപ്പെട്ടു. പിന്നീട് ആ കഥാപാത്രം ചെയ്‌തത് നമിതയാണ്'.
മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം മഹാനഗരം, മൂക്കില്ലാരാജ്യത്ത്, കലാഭവൻ മണിയ്‌ക്കൊപ്പം ആകാശത്തിലെ പറവകൾ തുടങ്ങിയ ചിത്രങ്ങളിൽ ഷർമിലി അഭിനയിച്ചു.
അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം കൗമുദി ആഴ്‌ചപ്പതിപ്പിൽ.